മദീനയിലെ അടച്ചിട്ടിരുന്ന ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ് തുറന്നു

വികസനത്തിന്റെ ഭാഗമായി അടച്ച പ്രസ് പുനരാരംഭിച്ചതോടെ തീര്‍ത്ഥാടകരുടെ തിരക്ക് ഏറുകയാണ്.  

Last Updated : Jan 24, 2019, 03:41 PM IST
മദീനയിലെ അടച്ചിട്ടിരുന്ന ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ് തുറന്നു

സൗദി: മദീനയിലെ അടച്ചിട്ടിരുന്ന ഖുര്‍ആന്‍ പ്രിന്റിങ് പ്രസ്‌ തുറന്നു. ഖുര്‍ആന്‍ പ്രിന്റിങിനൊപ്പം ഗവേഷണ കേന്ദ്രവും റെക്കോര്‍ഡിങ് സംവിധാനങ്ങളും ഇവിടെയുണ്ട്. ആയിരത്തിലേറെ ജീവനക്കാരുണ്ട് സേവനത്തിന്. 

വികസനത്തിന്റെ ഭാഗമായി അടച്ച പ്രസ് പുനരാരംഭിച്ചതോടെ തീര്‍ത്ഥാടകരുടെ തിരക്ക് ഏറുകയാണ്. മദീനയിലെ തബൂക് റോഡിലാണ് കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് പ്രസ്. സൗദി മതകാര്യ വകുപ്പ് നേരിട്ട് നടത്തുന്ന ഈ സ്ഥാപനം 1984ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 

ഖുര്‍ആന്‍ പ്രിന്റിങ് ഫോണ്ടുകള്‍ തയ്യാറാക്കല്‍, ഖുര്‍ആന്‍ പാരായണങ്ങള്‍ റെക്കോഡ് ചെയ്യുന്നതിനുള്ള സംവിധാനം, ഗവേഷണ വിവര്‍ത്തന കേന്ദ്രം, മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കല്‍ എന്നിവയും ഇവിടെയുണ്ട്.

ബ്രെയ്ല്‍ ലിപിയിലും ഖുര്‍ആന്‍ പ്രിന്റിങ് ഉണ്ട്.  1100 ഓളം വരുന്ന ജീവനക്കാരില്‍ 700 ഓളം പേര്‍ക്ക് പ്രൊഡക്ഷന്‍ യൂണിറ്റിലാണ് ജോലി.  ജീവനക്കാരില്‍ 86 ശതമാനവും സ്വദേശികളാണ്. 

ഇതുവരെ 260 പതിപ്പുകളിറക്കിയ കോംപ്ലക്‌സ്‌ കഴിഞ്ഞ വര്‍ഷം വരെ 320 മില്യണ്‍ കോപ്പികള്‍ പ്രിന്റ് ചെയ്തു. ഇടക്ക് സന്ദര്‍ശന വിലക്കുണ്ടായിരുന്ന ഇവിടേക്ക് ഇപ്പോള്‍ സ്ത്രീകള്‍ക്കും പ്രവേശനമുണ്ട്. ഓരോ സന്ദര്‍ശകര്‍ക്കും ഓരോ ഖുര്‍ആന്‍ പ്രതിയാണ് സമ്മാനം.

Trending News