വൈദ്യുതി ബില്‍ പരാതികള്‍ക്ക് പത്ത് ദിവസത്തിനകം പരിഹാരം കാണണം: അതോറിറ്റി

സൗദിയില്‍ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പത്ത് പ്രവൃത്തി ദിവസത്തിനകം പരിഹാരം കാണണമെന്ന് കമ്പനികള്‍ക്ക് വൈദ്യുതി അതോറിറ്റി നിര്‍ദേശം നല്‍കി.  

Updated: Dec 2, 2018, 05:41 PM IST
വൈദ്യുതി ബില്‍ പരാതികള്‍ക്ക് പത്ത് ദിവസത്തിനകം പരിഹാരം കാണണം: അതോറിറ്റി

റിയാദ്: സൗദിയില്‍ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പത്ത് പ്രവൃത്തി ദിവസത്തിനകം പരിഹാരം കാണണമെന്ന് കമ്പനികള്‍ക്ക് വൈദ്യുതി അതോറിറ്റി നിര്‍ദേശം നല്‍കി. 

കൂടാതെ, പുതിയ കണക്​ഷന്‍, നിലവിലുള്ള കണക്​ഷനുമായി ബന്ധപ്പെട്ട മറ്റു പരാതികള്‍, ആവശ്യമില്ലാത്ത ലൈനുകള്‍ നീക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ 30 പ്രവൃത്തി ദിവസത്തിനകം പരിഹരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പരാതികളെകുറിച്ച് പഠനം നടത്തിയാണ് ഇലക്ട്രിസിറ്റി ഈ വിഷയത്തില്‍ മറുപടി നല്‍കേണ്ടത്. 

അതുകൂടാതെ, ഉപഭോക്താവ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും മറുപടി നല്‍കിയെന്ന് കമ്പനി ഉറപ്പുവരുത്തുകയും വേണം. ഉപഭോക്താവിന് പ്രശ്നത്തിന്‍റെ പരിഹാരം വ്യക്തമാവുന്ന രീതിയിലായിരിക്കണം മറുപടി സമര്‍പ്പിക്കേണ്ടത് എന്നും അതോറിറ്റി നിര്‍ദേശത്തില്‍ പറയുന്നു. 

സൗദിയില്‍ കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി ബിൽതുക വര്‍ധിച്ചതിനാല്‍ ഉപഭോക്താക്കളുടെ പരാതികള്‍ കൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് അതോറിറ്റിയുടെ ഇടപെടല്‍. അതേസമയം, ഇലക്ട്രിസിറ്റി കമ്പനിയുടെ മറുപടിയില്‍ തൃപ്തരല്ലാത്ത ഉപഭോക്താക്കള്‍ക്ക് വൈദ്യുതി അതോറിറ്റിയെ സമീപിക്കാനുള്ള അവസരവും ഉണ്ട്. ഈ  സാഹചര്യത്തില്‍ പരാതിയുള്ള ബില്ലിലെ സംഖ്യ ഈടാക്കാനോ വൈദ്യുതി വിച്​ഛേദിക്കാനോ കമ്പനിക്ക് അധികാരമുണ്ടായിരിക്കുന്നതല്ല എന്നും അതോറിറ്റി വിശദീകരിച്ചു.