കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം

ഒരാളിൽ നിന്ന് മൂന്നൂറ് കുവൈത്തി ദിനാറാണ് പിഴയായി ഈടാക്കുക.

Updated: Jan 22, 2019, 05:11 PM IST
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം

കുവൈത്ത്: കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം. നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണം തദ്ദേശീയ തൊഴിലാളികളില്ലാത്ത സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന വിദേശികളിൽ നിന്ന് പിഴ ഈടാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. 

ഒരാളിൽ നിന്ന് മൂന്നൂറ് കുവൈത്തി ദിനാറാണ് പിഴയായി ഈടാക്കുക. സ്വകാര്യ മേഖലയിൽ സ്വദേശിവല്‍ക്കരണം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ക് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ബാങ്കിങ്, ടെലികമ്യൂണിക്കേഷൻ മേഖലകളിൽ ഭൂരിഭാഗം ജീവനക്കാരും സ്വദേശികളാകണം.

ഇത് പ്രകാരം ബാങ്കിംഗ് മേഖലകളിൽ 70 ശതമാനവും, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിൽ 65 ശതമാനവും സ്വദേശികളെ ജോലിക്ക് വയ്ക്കണം. ഇതിന് പുറമേ റിയൽ എസ്സ്റ്റേറ്റ് 20 ശതമാനം, കരമാർഗമുള്ള ചരക്ക് നീക്കം മൂന്ന് ശതമാനം, ഇൻവെസ്റ്റ്മെന്റ് ആൻഡ് റേഷൻ 40 ശതമാനം, ഇൻഷുറൻസ് 22 ശതമാനം എന്നിങ്ങനെയാണ് മറ്റ് മേഖലകളിൽ നിയമിക്കേണ്ട സ്വദേശി ജീവനക്കാരുടെ കണക്ക്. 

ഈ നിബന്ധന പൂർത്തിയാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന ഓരോ വിദേശി ജീവനക്കാരനും വർഷം തോറും 300 ദിനാർ പിഴ കൊടുക്കേണ്ടി വരുമെന്നും പ്രധാനമന്ത്രിയുടെ ഉത്തരവിൽ പറയുന്നു.