യുഎഇ തീരത്ത് സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം

സൗദി എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്.

Updated: May 13, 2019, 06:34 PM IST
യുഎഇ തീരത്ത് സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം

റിയാദ്: സൗദി എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്.

ക്രൂഡ് ഓയിലുമായി സൗദിയില്‍ നിന്നും പുറപ്പെട്ട കപ്പലിന് നേരെയാണ് കടലില്‍ വച്ച് ആക്രമണമുണ്ടായത്. സൗദി ഊര്‍ജ്ജ വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കടലിലൂടെ സ്വതന്ത്രമായ സഞ്ചാര സ്വാതന്ത്ര്യത്തിനു നേരെയാണ് അക്രമികള്‍ ലക്ഷ്യമിടുന്നതെന്നും ലോകമെമ്പാടുമുള്ള എണ്ണ കയറ്റുമതി ഇത് സാരമായി ബാധിക്കുമെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

രണ്ടു എണ്ണടാങ്കറുകള്‍ക്ക് നേരെ യുഎഇ തീരത്ത് വച്ചാണ് ആക്രമണം ഉണ്ടായതെന്നും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതെ രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സൗദിയിലെ റാസ്തന്നൂറ തുറമുഖത്തു നിന്നും അമേരിക്കയിലേക്ക് ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലിന് നേരെ ഫുജൈറ തീരത്ത് വച്ചാണ് ആക്രമണമുണ്ടായത്. അതേസമയം, എണ്ണചോര്‍ച്ചയോ മറ്റു അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നും കപ്പലിന്‍റെ പുറം ഭാഗത്തു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

ഫുജൈറ തീരത്ത് ഇറാനില്‍ നിന്നും 115 കിലോമീറ്റര്‍ അകലെ വച്ചാണ് ആക്രമണം നടന്നത്. സംഭവത്തില്‍ യുഎഇ ആഭ്യന്തര, അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, യുഎഇ തീരത്ത് വച്ച് സൗദി എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അതിശക്തിയായി പ്രതിഷേധിച്ചു.

ഇത്തരം സംഭവങ്ങള്‍ മേഖലയിലെ സംഘര്‍ഷങ്ങളെ വര്‍ദ്ധിപ്പിക്കുകയും ജനങ്ങളുടെ താത്പര്യങ്ങള്‍ തകര്‍ക്കുകയും ചെയ്യുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി പറഞ്ഞു.