സൗദിയില്‍ വേനല്‍ ചൂട് സെപ്റ്റംബര്‍ പകുതി വരെ തുടരു൦

സൗദിയില്‍ ഇത്തവണ വേനല്‍ ചൂട് നീളുമെന്ന് റിപ്പോര്‍ട്ട്.

Last Updated : Sep 6, 2019, 01:29 PM IST
സൗദിയില്‍ വേനല്‍ ചൂട് സെപ്റ്റംബര്‍ പകുതി വരെ തുടരു൦

സൗദി: സൗദിയില്‍ ഇത്തവണ വേനല്‍ ചൂട് നീളുമെന്ന് റിപ്പോര്‍ട്ട്.

രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് സെപ്റ്റംബര്‍ പകുതി വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ തീര പ്രദേശങ്ങളിലാണ് വരും ദിവസങ്ങളില്‍ ശക്തമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിപ്പില്‍ പറയുന്നു.

സാധാരണ രാജ്യത്തെ കനത്ത വേനല്‍ ചൂടിന് ആഗസ്റ്റ്‌ അവസാനത്തോടെ ശമനം ലഭിക്കാറുണ്ട്. വേനലവധി കഴിഞ്ഞ് സെപ്റ്റംബര്‍ ആദ്യവാരം സ്‌കൂളുകള്‍ തുറക്കുന്നതോടെ ശരാശരി ചൂടാണ് അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഇത്തവണ ഒരാഴ്ച പിന്നിട്ടിട്ടും ചൂടിന് കുറവ് വന്നിട്ടില്ല. ദിനംപ്രതി ചൂട് വര്‍ദ്ധിക്കുന്ന അവസ്ഥയാണ് കാണുന്നത്.

നാല്‍പ്പത് മുതല്‍ നാല്‍പ്പത്തഞ്ച് ഡിഗ്രി വരെയുള്ള ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചിലയിടങ്ങളില്‍ പൊടിയോട് കൂടിയ ചൂട് കാറ്റും അനുഭവപ്പെടുന്നുണ്ട്.

കിഴക്കന്‍ പ്രവിശ്യയില്‍ ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയാണ് വൈകുന്നേരങ്ങളില്‍ തുടരുന്നത്. തീരദേശങ്ങളില്‍ ശക്തമായ ചൂട് തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ മക്കാ മദീനാ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ മാസം അവസാനത്തോടെ വേനല്‍ ചൂട് മാറി ശരത് കാലത്തിന് തുടക്കമാകുമെന്നാണ് കണക്ക് കൂട്ടല്‍.

സൗദിയില്‍ കഴിഞ്ഞ 30ന് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. 48 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കിഴക്കന്‍ പ്രവിശൃയിലായിരുന്നു ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. സൗദിയിലെ മിക്ക പ്രവിശൃയിലും അന്തരീക്ഷോഷ്മാവ് 40 ഡിഗ്രിക്കു മുകളിലാണ്.

Trending News