close

News WrapGet Handpicked Stories from our editors directly to your mailbox

പ്രവാസികളെ കണ്‍ഫ്യൂഷനാക്കുന്ന എന്‍ആര്‍ഒ എന്‍ആര്‍ഇ അക്കൗണ്ടുകളെക്കുറിച്ച് ചില കാര്യങ്ങള്‍

Updated: Aug 15, 2017, 03:46 PM IST
പ്രവാസികളെ കണ്‍ഫ്യൂഷനാക്കുന്ന എന്‍ആര്‍ഒ എന്‍ആര്‍ഇ അക്കൗണ്ടുകളെക്കുറിച്ച് ചില കാര്യങ്ങള്‍

ഇന്ത്യക്ക് പുറത്തു താമസിക്കുകയും നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ സാധാരണ പോലെ ഉപയോഗിക്കുകയും ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്. പ്രവാസിയായി കഴിയുന്നവരില്‍ പലരും നാട്ടിലെ പഴയ സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ സാധാരണപോലെ ഉപയോഗിക്കുന്നവരാണ്. അവരില്‍ ഏറെയും മലയാളികളുമാണ്. എന്നാല്‍ ഇത് തീര്‍ത്തും നിയമവിരുദ്ധം ആണെന്ന് പലരും ചിന്തിക്കുന്നില്ല. 

ഓരോ പ്രവാസിയ്ക്കും ഒരു എന്‍ആര്‍ഇ അക്കൗണ്ടും ഒരു എന്‍ആര്‍ഒ അക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ പണമിടപാടുകള്‍ നടത്താന്‍ പാടുള്ളൂ. വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് അക്കൗണ്ടിനെ എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്‍റെ മുന്നില്‍ കുറ്റവാളികളാണ്. എന്‍ആര്‍ഒ അക്കൗണ്ടുകളിലെ സോഴ്‌സില്‍ നിന്നും നികുതിയുള്‍പ്പടെയുള്ള തുക കട്ട് ചെയ്യും. നാട്ടിലുള്ള തുകയേക്കാള്‍ കൂടുതലാണിത്. ഈ കാരണത്താല്‍ തന്നെ നിങ്ങള്‍ സര്‍ക്കാരിന്‍റെ കണക്കില്‍ നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇരട്ടപൗരത്വം ഇന്ത്യയില്‍ അംഗീകൃതമല്ലാത്തതിനാല്‍ പ്രവാസിയായിരിക്കെ എന്‍ആര്‍ഒ, എന്‍ആര്‍ഇ അക്കൗണ്ടുകളിലൂടെയല്ലാതെ ഇടപാടുകള്‍ നടത്തുന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നിയമലംഘനമാണ്.

1999ലെ ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ജോലിക്കോ, ബിസിനസ്സിനോ, യാത്രക്കോ ആയി ഒരു നിശ്ചിത കാലത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. 182 ദിവസത്തില്‍ താഴെ മാത്രമേ താങ്കള്‍ ഇന്ത്യയിലുള്ളൂവെങ്കിലും പ്രവാസിയായി പരിഗണിക്കപ്പെടുമെന്നാണ് നിയമം.

നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന അക്കൗണ്ടിനെക്കുറിച്ച് ബാങ്കിനെ അറിയിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ സാധാരണ അക്കൗണ്ടിനെ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ടാക്കി മാറ്റാന്‍ സാധിക്കും. അതറിയാത്തവരാണ് പല പ്രവാസികളും.

എന്‍ആര്‍ഒ അക്കൗണ്ടിന്‍റെ പ്രത്യേകതകള്‍

സൗജന്യമായി പണം കൈമാറാമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഒരു എന്‍ആര്‍ഒ അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത് 10000 രൂപ മാത്രമാണ്. ലോകത്ത് എവിടെ നിന്നും ഈ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താം. നമ്മുടെ ആവശ്യാനുസരണം അക്കൗണ്ട് ടൈപ്പിനെ മാറ്റാവുന്നതുമാണ്. പുതിയ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് സൗജന്യ ചെക്ക് ബുക്കും എടിഎം കാര്‍ഡും ലഭിക്കും.

ചില നിബന്ധനകള്‍ നിലനിര്‍ത്തിക്കൊണ്ട് എന്‍ആര്‍ഒ അക്കൗണ്ടിനെ ഇരട്ട ടാക്‌സ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. നാട്ടിലുള്ള വ്യക്തിയുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാവുന്ന സൗകര്യവും നല്‍കുന്നുണ്ട്. നാട്ടിലുള്ള പങ്കാളിയുമായോ മാതാപിതാക്കളുമായോ ജോയിന്റ് അക്കൗണ്ട് ആരംഭിക്കാം. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപത്തിന് ബാധകമായിരിക്കും. പലിശ നിരക്കുകള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

നമ്മുടെ കൂടെ താമസിക്കുന്നതോ നമുക്ക് പരിചയമുള്ളതോ ആയ പ്രവാസി ഇന്ത്യകാരനുമായി ചേർന്ന് എൻആർഇ അക്കൗണ്ട് ആരംഭിക്കാം. എന്നാൽ ഇന്ത്യയിൽ താമസിക്കുന്ന ഒരാളുമായി ചേർന്ന് എൻആർഇ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കില്ല. അതേസമയം എൻആർഒ അക്കൗണ്ട് ഇന്ത്യയിൽ താമസിക്കുന്നവരുമായി ചേർന്നു തുടങ്ങാവുന്നതാണ്.

എന്‍ആര്‍ഇ അക്കൗണ്ടിനെ സംബന്ധിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

എന്‍ആര്‍ഇ അക്കൗണ്ടില്‍ കണക്കുകള്‍ തിട്ടപ്പെടുത്തുക ഇന്ത്യന്‍ രൂപയിലായിരിക്കും. അക്കൗണ്ടിലെ പണം സ്വന്തം സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കോ നിയന്ത്രണമോ ഉണ്ടായിരിക്കില്ല. അക്കൗണ്ടിലെ തുകയ്ക്കും അതിനുള്ള പലിശയ്ക്കും ഇന്‍കം ടാക്‌സും വെല്‍ത്ത് ടാക്‌സും അടയ്‌ക്കേണ്ട ആവശ്യമില്ല.

മിക്ക ബാങ്കുകളും രണ്ടാഴ്ച വരെയുള്ള ചെറിയ കാലയളവുകളിലേയ്ക്ക് 50,000 രൂപ വരെ ഓവര്‍ഡ്രോയിങ് അനുവദിക്കാറുണ്ട്. അതായത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അക്കൗണ്ടിലുള്ളതിനെക്കാള്‍ 50,000 രൂപവരെ അധികമായി അക്കൗണ്ട് ഉടമയ്ക്ക് ഉപയോഗിക്കാനാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ തുക തിരികെയടച്ചിരിക്കണമെന്ന് മാത്രം.

എന്‍ആര്‍ഇ അക്കൗണ്ടിലെ സേവിംഗ്സ് പലിശനിരക്കുകൾ ബാങ്കുകൾക്ക് തീരുമാനിക്കാവുന്നതാണ്. ഒരു വര്‍ഷത്തിനുമേല്‍ കാലാവധിയുള്ള (ടേം ഡിപ്പോസിറ്റ്) അക്കൗണ്ടുകളുടെ പലിശനിരക്കും ബാങ്കുകള്‍ക്കു തീരുമാനിക്കാം. അക്കൗണ്ട് പേയീ ചെക്ക്, ഡി.ഡി., ബാങ്കേഴ്‌സ് ചെക്ക്, എഫ്.ഡി.ഐ നിക്ഷേപങ്ങള്‍ വിറ്റുകിട്ടുന്ന ലാഭം, ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ പലിശ, മ്യൂച്വല്‍ ഫണ്ട് ഡിവിഡന്‍ന്റുകള്‍ എന്നിവ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാനാകും.

തദ്ദേശീയ വിനിമയങ്ങള്‍, മറ്റ് എന്‍ആര്‍ഇ/എഫ്.സി.എന്‍.ആര്‍ അക്കൗണ്ടുകളിലേക്കുള്ള ട്രാന്‍സ്ഫറുകള്‍, വിദേശത്തേക്കുള്ള പണമടയ്ക്കലുകള്‍, ഇന്ത്യന്‍ കമ്പനികളുടെ ഷെയര്‍/സെക്യൂരിറ്റി/കൊമേഴ്‌സ്യല്‍ പേപ്പര്‍ തുടങ്ങിയ വിനിമയ രീതികൾ ഉപയോഗിക്കാവുന്നതാണ്. അക്കൗണ്ടിലെ പണം ജാമ്യമായി കണക്കാക്കി വായ്പകള്‍ ലഭിക്കുകയും ചെയ്യും. പവര്‍ ഓഫ് അറ്റോണി വഴി നാട്ടിലുള്ളവര്‍ക്ക് അക്കൗണ്ട് ഉടമയ്ക്ക് പണക്കൈമാറ്റം നടത്താനുമാകും.