പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി എയര്‍ ഇന്ത്യ

അന്താരാഷ്ട്രവിമാനനിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ അധികമായി നികുതിയും അടയ്‌ക്കേണ്ടി വരും. 

Last Updated : Jul 23, 2018, 01:17 PM IST
പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി എയര്‍ ഇന്ത്യ

ദുബൈ: അസുഖ ബാധിതരായി നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികളെയും ബന്ധുക്കളെയും ദുരിതത്തിലാക്കി എയര്‍ ഇന്ത്യ. സ്‌ട്രെച്ചറില്‍ വിമാനത്തില്‍ കൊണ്ടുപോകേണ്ട രോഗികളുടെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി ഉയര്‍ത്തിയാണ് എയര്‍ ഇന്ത്യ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയിലെത്താന്‍ ചെലവ് നാലര ലക്ഷം രൂപയാണ്. 

നേരത്തെ 7,500 മുതല്‍ പതിനായിരം ദിര്‍ഹം വരെയുണ്ടായിരുന്നത് ഇപ്പോള്‍ 25,000 മുതല്‍ 30,000 ദിര്‍ഹം വരെയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഈ മാസം 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ഇത് അസുഖ ബാധിതരായി നാട്ടില്‍ പോകേണ്ടി വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഇരുട്ടടിയാകും.

ഇക്കണോമിക് ക്ലാസ്സിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ വൈ ക്ലാസ്സിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ പിഴിയുന്ന നടപടി എയര്‍ ഇന്ത്യ തുടങ്ങിവച്ചിരിക്കുന്നത്. നേരത്തെ ഇക്കണോമിക് ക്ലാസ്സിലെ സബ് ക്ലാസ്സായ കെ ക്ലാസ്സിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടുപോകാനുള്ള സ്‌ട്രെച്ചര്‍ ടിക്കറ്റ് നല്കിയിരുന്നത്. സര്‍ക്കുലര്‍ നമ്പര്‍ 2933 ലുള്ള തീരുമാനം ഈ മാസം 20 മുതല്‍ പ്രാബല്യത്തില്‍ വന്നു. 

അന്താരാഷ്ട്രവിമാനനിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ അധികമായി നികുതിയും അടയ്‌ക്കേണ്ടി വരും. ഗള്‍ഫിലെ ചികിത്സാച്ചെലവ് താങ്ങാനാവാതെ നിരവധി പേരെയാണ് സ്‌ട്രെച്ചറില്‍ നാട്ടിലേക്ക് എത്തിച്ചിരുന്നത്. 

വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പ്രവാസി സൗഹൃദ കൂട്ടായ്മകളെയും എയര്‍ ഇന്ത്യയുടെ ഈ നീക്കം പ്രതിസന്ധിയിലാക്കും. മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ പ്രവാസികള്‍ അധികവും യാത്രക്കായി എയര്‍ ഇന്ത്യയെ ആശ്രയിക്കുന്നത് മറ്റു എയര്‍ലൈനുകളില്‍ നിന്നും താരതമ്യേന നിരക്ക് കുറവായതിനാലാണ്. എന്നാല്‍ ഇത്തരത്തിലൊരു വര്‍ധനവ് നടപ്പിലാക്കുകയാണെങ്കില്‍ പ്രവാസികള്‍ക്ക് അത് വന്‍ തിരിച്ചടിയാകും.

എയര്‍ ഇന്ത്യ വീണ്ടും നിരക്ക് വര്‍ധനവിനൊരുങ്ങുന്നുവെന്ന വിവരം പുറത്ത് വന്നതോടുകൂടി വിവിധ പ്രവാസി സംഘടനകള്‍ നീക്കത്തിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് ഇത്തരത്തില്‍ ഒരു നിരക്ക് വര്‍ധനവിന് എയര്‍ ഇന്ത്യ ശ്രമം നടത്തിയിരുന്നെങ്കിലും പ്രവാസി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

Trending News