സൗദിയുടെ ടൊര്‍ണാഡോ തകര്‍ന്നുവീണു

ബ്രിട്ടിനില്‍ നിന്ന് വാങ്ങിയ ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനമാണിത്. 

Last Updated : Jul 14, 2018, 12:35 PM IST
സൗദിയുടെ ടൊര്‍ണാഡോ തകര്‍ന്നുവീണു

ജിദ്ദ: സൗദി റോയല്‍ എയര്‍ഫോഴ്സിന്‍റെ ടൊര്‍ണാഡോ യുദ്ധവിമാനം തകര്‍ന്നുവീണു. സൗദിയിലെ തെക്കന്‍ പ്രവിശ്യയായ അസീറിലാണ് യുദ്ധവിമാനം തകര്‍ന്നുവീണത്. ബ്രിട്ടിനില്‍ നിന്ന് വാങ്ങിയ ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനമാണിത്. 

പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണതിന് കാരണമെന്നും സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

വിമാനം തകരുന്നതിനു മുമ്പ് പുറത്തേക്ക് ചാടിയ പൈലറ്റിനും നാവിഗേറ്റര്‍ക്കും പരിക്കേറ്റതായും ഇവരെ വിമാന മാര്‍ഗം ആശുപത്രിയിലെത്തിച്ചതായും അല്‍ മാലികി അറിയിച്ചു. 

എന്നാല്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ക്കെതിരായ വ്യോമാക്രമണത്തില്‍ സൗദി അറേബ്യ പ്രധാനമായും ഉപയോഗിച്ചുവരുന്നത് ടൊര്‍ണാഡോ യുദ്ധ വിമാനങ്ങളാണ്.

അതുകൊണ്ട് തന്നെ ആക്രമണത്തിന് പിന്നില്‍ ഇവരാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ടൊര്‍ണാഡോയുടെ മികച്ച ഇനമായ ജിആര്‍4 ആണ് യമന്‍ ദൗത്യത്തിനായി ഉപയോഗിക്കുന്നത്. 

ടൊര്‍ണാഡോയുടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട നൂറോളം യുദ്ധവിമാനങ്ങള്‍ റോയല്‍ സൗദി എയര്‍ഫോഴ്‌സ് നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

ലോംഗ് റേഞ്ച് മിസൈലുകളെ പ്രതിരോധിക്കുന്നതിനടക്കമുള്ള മികച്ച സാങ്കേതികവിദ്യയോട് കൂടിയുള്ളവയാണ് ഈ വിമാനങ്ങള്‍. 1980കളില്‍ നിര്‍മാണം ആരംഭിച്ച ടൊര്‍ണാഡോ വിമാനങ്ങള്‍ 1998ഓടെ ഉല്‍പ്പാദനം നിര്‍ത്തിയിരുന്നു.

Trending News