പുത്തൻ സവിശേഷതകളുമായി നൂറിന്‍റെ നോട്ട്!

 ചൊവ്വാഴ്ച മുതൽ പുതിയ നോട്ടുകൾ വിപണിയിലെത്തും. 

Last Updated : Oct 29, 2018, 06:05 PM IST
പുത്തൻ സവിശേഷതകളുമായി നൂറിന്‍റെ നോട്ട്!

അബുദാബി: പുതിയ സവിശേഷതകളും സുരക്ഷാ മാനദണ്ഡളുമായി നൂറ് ദിർഹം നിലവിൽ വരുന്നു. 

ഈ ആഴ്ച തന്നെ പുതിയ നോട്ടുകൾ വിപണിയിൽ എത്തുമെന്ന് യു.എ.ഇ. സെൻട്രൽ ബാങ്ക് അറിയിച്ചു. കള്ളനോട്ടടിയും തട്ടിപ്പുകളും പൂർണമായും തടയാൻ തക്ക വിധമുള്ള ക്രമീകരണങ്ങളോടെയാണ് നൂറു ദിർഹം എത്തുന്നത്. 

നോട്ട് തിരിച്ചുനോക്കിയാൽ പച്ചനിറത്തിൽനിന്ന്‌ നീലനിറമായി മാറുന്ന ഹോളോഗ്രാം ആണ് പ്രധാനമായും ഉൾപ്പെടുത്തിയ മാറ്റം. നോട്ടിന്‍റെ വലത് ഭാഗത്തെ മൂലയിൽ ഉണ്ടായിരുന്ന നൂറ് ദിർഹമെന്ന് അക്കത്തിൽ അടയാളപ്പെടുത്തിയത് പുതിയ നോട്ടിൽ പിൻവലിച്ചിട്ടുണ്ട്. 

വലതുഭാഗത്ത് മുകളിലായി ഉണ്ടായിരുന്ന വെള്ളിനിറമുള്ള ഭാഗവും ഒഴിവാക്കി. പഴയ നോട്ടിലേതുപോലെ ദുബായിലെ ഏറ്റവും പഴയ കെട്ടിടങ്ങളിലൊന്നായ അൽ ഫാഹിദി കോട്ടയുടെ ചിത്രവും നഗരത്തിലെ ആദ്യ കെട്ടിടമായ വേൾഡ് ട്രേഡ് സെന്‍റർ ചിത്രവും നോട്ടിൽ നിലനിർത്തി.

ഇപ്പോഴുള്ള കറൻസികൾക്കൊപ്പം പുതിയ നോട്ട് ലീഗൽ ടെൻഡറിലൂടെ വിതരണംചെയ്യും. ചൊവ്വാഴ്ച മുതൽ പുതിയ നോട്ടുകൾ വിപണിയിലെത്തും. 

മുൻകാലങ്ങളിൽ യു.എ.ഇ. കറൻസികൾ യു.എ.ഇ.ക്ക് പുറത്തുള്ള രാജ്യങ്ങളിലായിരുന്നു പ്രിന്‍റ് ചെയ്യപ്പെട്ടിരുന്നത്. 

യു.കെ.യിലും ഫ്രാൻസിലുമായി നോട്ടുകളും കാനഡയിൽ നാണയങ്ങളും. എന്നലിപ്പോൾ അബുദാബി ഖലീഫ പോർട്ടിലുള്ള ബാങ്ക് നോട്ട് പ്രിന്‍റി൦ഗ് പ്ലാന്‍റിലാണ് നോട്ടുകൾ നിര്‍മ്മിക്കുന്നത്.

Trending News