തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിയ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ചു

മൂന്നുവര്‍ഷം തടവും 40,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. കൂടാതെ പരിക്കേറ്റ സുഹൃത്തിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിര്‍ഹവും നല്‍കണം.    

Last Updated : Jan 14, 2020, 04:31 PM IST
തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിയ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ചു

അബുദാബി: തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രവാസിയ്ക്ക് കോടതി ശിക്ഷ വിധിച്ചു.

മൂന്നുവര്‍ഷം തടവും 40,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. കൂടാതെ പരിക്കേറ്റ സുഹൃത്തിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിര്‍ഹവും നല്‍കണം.

ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ യുഎഇയില്‍ നിന്നും നാടുകടത്താനും ഉത്തരവുണ്ട്. ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷമായിരുന്നു പ്രതി സുഹൃത്തിനെ കുത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.

താമസ സ്ഥലത്തുവെച്ചു നടന്ന രൂക്ഷമായ തര്‍ക്കമാണ് കത്തികുത്തില്‍ അവസാനിച്ചത്‌. പ്രതിയും സുഹൃത്തും തമ്മില്‍ രൂക്ഷമായ തര്‍ക്കവും വാഗ്വാദവുമുണ്ടായി. ഇതിനൊടുവില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി എടുത്തുകൊണ്ടുവന്ന് സുഹൃത്തിനെ കുത്തുകയായിരുന്നു. 

ശരീരത്തിന്‍റെ പലഭാഗങ്ങളിലും കുത്തേറ്റ ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആഴ്ചകളോളം ആശുപത്രിയില്‍ കഴിഞ്ഞു. പല ആന്തരികാവയവങ്ങളിലും ഭേദപ്പെടുത്താനാവാത്ത പരിക്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ മയക്കുമരുന്ന്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്.

വധശ്രമം, മയക്കുമരുന്ന് ഉപയോഗം, ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ അബുദാബി കോടതി നല്‍കിയ വിധിക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആക്രമണം ആസൂത്രിതമല്ലെന്നും തനിക്ക് ചില മാനസിക രോഗങ്ങളുണ്ടെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മാനസിക നില പരിശോധിച്ചതില്‍ ഇയാള്‍ക്ക് ഒരു പ്രശ്നവുമില്ലയെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

Trending News