)
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഭർത്താവ്. ശ്രീകൃഷ്ണപുരം സ്വദേശി വൈഷ്ണവി (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വാസം മുട്ടിച്ചാണ് നവൈഷ്ണവിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.
ഒക്ടോബർ 9ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞാണ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വൈഷ്ണവിയുടെ ബന്ധുക്കളെയും ഇയാൾ വിവരം അറിയിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷമാണ് വൈഷ്ണവി മരിക്കുന്നത്.
പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നരവർഷംമുമ്പ് ആണ് വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം നടന്നത്. ദീക്ഷിത് തന്നെയാണ് യുവതിയെ കൊന്നതെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദീക്ഷിതിന്റെ വീട്ടിലെത്തി ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.