8th Pay Commission Latest Update: കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന് കേന്ദ്രം അനുമതി നൽകി കഴിഞ്ഞു. ഒരു കോടിയിലധികം വരുന്നവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
പുതിയ ശമ്പള ഘടന 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
ഫിറ്റ്മെന്റ് ഫാക്ടറിലെ വർധനവാണ് എട്ടാം ശമ്പള കമ്മീഷനിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാറ്റങ്ങളിലൊന്ന്. ശമ്പള സ്കെയിലുകൾ പുനർനിർണയിക്കാനുള്ള പ്രധാന ഗുണിതമാണിത്. ഏഴാം ശമ്പള കമ്മീഷൻ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആക്കിയിരുന്നു. എന്നാൽ എട്ടാം ശമ്പള കമ്മീഷൻ ഇത് 2.86 ആയി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫിറ്റ്മെന്റ് ഫാക്ടർ വർധനവുണ്ടായാൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് ഏകദേശം 51,480 രൂപയായി ഉയരും. കൂടാതെ, കുറഞ്ഞ പെൻഷൻ 9,000 രൂപയിൽ നിന്ന് ഏകദേശം 25,740 രൂപയായും വർധിക്കും.
അടിസ്ഥാന ശമ്പള പരിഷ്കരണങ്ങൾക്ക് പുറമെ, ജീവനക്കാരുടെ ഹൗസ് റെന്റ് അലവൻസും (HRA) ട്രാവൽ അലവൻസും (TA) പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരേ ശമ്പള ഗ്രേഡിലുള്ള ജീവനക്കാർക്ക് പോലും അവരുടെ പോസ്റ്റിംഗ് അനുസരിച്ചാകും മൊത്തം പ്രതിമാസ വരുമാനത്തിൽ വ്യത്യാസമുണ്ടാകുക.
നാഷണൽ പെൻഷൻ സിസ്റ്റത്തിലേക്കും (NPS) സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീമിലേക്കുമുള്ള (CGHS) സംഭാവനകളെയും പുതിയ ശമ്പള പരിഷ്കരണം ബാധിക്കും. പുതിയ ശമ്പള സ്കെയിലുകൾക്ക് അനുസരിച്ച് ശമ്പള സ്ലാബുകളുമായി ബന്ധിപ്പിച്ചിട്ടുള്ള സിജിഎച്ച്എസ് നിരക്കുകളും വർധിക്കും.
വിവിധ ശമ്പള ഗ്രേഡുകളിലെ പ്രതീക്ഷിക്കുന്ന വർദ്ധനവ് ഇങ്ങനെയാണ് - ഗ്രേഡ് 2000 (ലെവൽ 3) - അടിസ്ഥാന ശമ്പളം – ₹57,456, മൊത്തം ശമ്പളം – ₹74,845 | കൈയിൽ കിട്ടുന്നത് – ₹68,849. ഗ്രേഡ് 4200 (ലെവൽ 6) - അടിസ്ഥാന ശമ്പളം – ₹93,708, മൊത്തം ശമ്പളം – ₹1,19,798 |കൈയിൽ കിട്ടുന്നത് – ₹1,09,977. ഗ്രേഡ് 5400 (ലെവൽ 9) - അടിസ്ഥാന ശമ്പളം – ₹1,40,220, മൊത്തം ശമ്പളം – ₹1,81,073 | കൈയിൽ കിട്ടുന്നത് – ₹1,66,401. ഗ്രേഡ് 6600 (ലെവൽ 11) - അടിസ്ഥാന ശമ്പളം – ₹1,84,452, മൊത്തം ശമ്പളം – ₹2,35,920 | കൈയിൽ കിട്ടുന്നത് – ₹2,16,825.
പ്രാഥമിക നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്. കമ്മീഷൻ്റെ അന്തിമ ശുപാർശകൾക്കും സർക്കാരിന്റെ അംഗീകാരത്തിനും ശേഷം ഇവയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.