Diwali Cleaning Tips: ദീപാവലിക്ക് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എല്ലാവരും ദീപാവലിക്കായി ഒരുങ്ങിക്കഴിഞ്ഞു.
ദീപാവലിക്ക് മുൻപായി നമ്മുടെ വീടുകളിൽ ചെറിയ ക്ലീനിംഗ് പരിപാടികളൊക്കെ നടത്തേണ്ടതുണ്ട്. വീട്ടുപകരണങ്ങൾ, സ്വിച്ചുകൾ, വാതിലുകൾ, ജനാലകൾ തുടങ്ങിയവയൊക്കെ തന്നെ വൃത്തിയാക്കണം. പ്രത്യേകിച്ച് അടുക്കള. എന്തൊക്കെയാണ് അടുക്കള വൃത്തിയാക്കാൻ ചെയ്യേണ്ടതെന്ന് നോക്കാം.
അടുക്കളയിലെ കൗണ്ടർടോപ് എപ്പോഴും വൃത്തിയായി വയ്ക്കണം. ഈർപ്പവും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുമെല്ലാം തുടച്ച് കളഞ്ഞ് വൃത്തിയാക്കിയിടാൻ എപ്പോഴും ശ്രദ്ധിക്കണം. വിനാഗിരി കൊണ്ട് കൗണ്ടർടോപ്പ് കഴുകാവുന്നതാണ്. വിനാഗിരിയിൽ അൽപം വെള്ളം ചേർത്ത ശേഷം അതുപയോഗിച്ച് കൗണ്ടർടോപ് തുടച്ചാൽ അത് തിളക്കമുള്ളതാവാനും അണുവിമുക്തമാക്കാനും സഹായിക്കുന്നു.
എപ്പോഴും ഭക്ഷണമുണ്ടാക്കുന്ന സ്ഥലമാണല്ലോ അടുക്കള. അതുകൊണ്ട് തന്നെ അടുക്കളയിൽ എണ്ണയുടെ ഉപയോഗവും ഉണ്ടാകും. ഇങ്ങനെ എണ്ണ ഉപയോഗിച്ച് ഭക്ഷണങ്ങൾ ഉണ്ടാക്കുമ്പോൾ ചുവരിലും ടൈലിലും ഗ്യാസ് സ്റ്റൗവിലുമൊക്കെ എണ്ണമയം പറ്റാൻ സാധ്യതയുണ്ട്. ഇത് കളയാൻ ചൂടുവെള്ളത്തിൽ തുണിമുക്കിയെടുത്ത് എണ്ണമയമുള്ള സ്ഥലങ്ങൾ തുടച്ചെടുത്താൽ മതി.
ഷെൽഫുകളും വൃത്തിയാക്കണം. ഉപയോഗമില്ലാതെ കിടക്കുന്നതാണെലും ഉപയോഗിക്കുന്നതാണേലും ഇത് ന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. കഴുകിയതിന് ശേഷം ഉണക്കുകയും വേണം. ശേഷം ഷെൽഫിൽ ടവൽ അല്ലെങ്കിൽ പേപ്പർ വിരിക്കാം.
അടുക്കള സിങ്ക് ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ അവിടെ വല്ലാതെ അഴുക്കും കറയും പിടികൂടും. അണുക്കളും പെരുകും. അതിനാൽ ബേക്കിംഗ് സോഡയും വിനാഗിരിയും മിക്സ് ചെയ്ത് കഴുകുന്നത് സിങ്ക് തിളക്കമുള്ളതാക്കും.
ഗ്യാസ് സ്റ്റൗ ബർണർ റിങ്ങുകൾ കഴുകി വൃത്തിയാക്കാൻ എളുപ്പ വഴികളുണ്ട്. ഇത് ചൂടുള്ള സോപ്പ് വെള്ളത്തിൽ മുക്കി വച്ച ശേഷം നന്നായി ഉരച്ച് കഴുകുക.