Guava Benefits And Side Effects: നിരവധി പോഷകങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക. വിറ്റാമിൻ സിയുടെ കലവറ കൂടിയായ പേരയ്ക്ക കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
ശരീരത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിലും പേരയ്ക്ക ബെസ്റ്റാണ്. എന്നാൽ ഇവ അമിതമായി കഴിച്ചാലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. പേരയ്ക്കയുടെ ദോഷവശവും നല്ലവശവും നമുക്ക് അറിയാം.
വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പേരയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ തുടങ്ങിയവയും പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയ പേരയ്ക്ക ദഹനം മെച്ചപ്പെടുത്താനും മലബന്ധമകറ്റാനും സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുന്ന പേരയ്ക്ക ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാൽസ്യം, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയും പേരയ്ക്കയിൽ ധാരാളമായി കാണപ്പെടുന്നു. ഇവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
നാരുകൾ ധാരാളമടങ്ങയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുമെങ്കിലും പേരയ്ക്ക അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകാം. ചിലർക്ക് പേരയ്ക്ക അലർജിയുണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. ചൊറിച്ചിൽ, തടിപ്പ്, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ ഇതുമൂലം ഉണ്ടായേക്കാം.
കൂടാതെ രക്തം കട്ടപിടിക്കുന്നത് തടയാനുള്ള മരുന്നുകൾ, പ്രമേഹത്തിനുള്ള മരുന്നുകൾ, രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ തുടങ്ങിയവ കഴിക്കുന്നവർ പേരയ്ക്ക കഴിക്കുമ്പോൾ ഇത് പ്രതിപ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഇവയിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. അതിനാൽ പ്രമേഹ രോഗികൾക്ക് പേരയ്ക്ക കഴിക്കുന്നത് പ്രശ്നം കൂുതൽ വഷളാക്കിയേക്കാം.
ദിവസവും ഒന്നോ രണ്ടോ പേരയ്ക്ക മാത്രം കഴിക്കുക. കഴിവധും പഴുത്ത പേരയ്ക്ക തിരഞ്ഞെടുക്കാൻ ശ്രമിക്കുക. വൃത്തിയായി കഴുകിയ ശേഷം മാത്രം കഴിക്കുക. ദിവസവും പേരയ്ക്ക കഴിക്കുന്നത് നല്ലതാണെങ്കിലും അതിന്റെ ദോഷവശങ്ങൾ മനസ്സിലാക്കി മുൻകരുതലുകൾ എടുക്കണം. ജ്യൂസ് ആക്കി കുടിക്കാതെ ഫ്രൂട്ട് ആയിട്ട് തന്നെ കഴിക്കുന്നതാണ് ഉത്തമം.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)