ഇതുവരെ കണ്ടതൊന്നും അല്ല സജിൻ ഗോപു എന്ന നടൻ എന്ന് അടിവരയിടുന്നതാണ് പൊൻമാനിലെ മരിയാനോയുടെ പ്രകടനം
ആവേശം സിനിമ ഇറങ്ങിയതുമുതല്‍ ഫഹദിന്റെ രംഗണ്ണനേക്കാള്‍ കത്തിപ്പടര്‍ന്നത് അമ്പാന്‍ എന്ന സജിന്‍ ഗോപു കഥാപാത്രമായിരുന്നു. സിനിമ, മലയാളം വിട്ട് അന്യഭാഷകളില്‍ കൂടി തരംഗമായപ്പോള്‍ അമ്പാനും അതിനൊപ്പം വൈറല്‍ ആയി മാറി.
സജിന്‍ ഗോപു എന്ന താരത്തെ ആളുകള്‍ അമ്പാന്‍ എന്ന് തിരിച്ചറിയാന്‍ മാത്രം പ്രശസ്തമാക്കിയ കഥാപാത്രം ആയിരുന്നു ആവേശം എന്ന സിനിമ. എന്നാല്‍ സജിന്‍ ഗോപു അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു നടന്‍ ആണോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
തമാശ നന്നായി വഴങ്ങുന്ന ആളാണ് സജിന്‍ ഗോപു. അത് നമ്മള്‍ ആവേശത്തില്‍ മാത്രമല്ല കണ്ടത്. ചുരുളിയിലെ ജീപ്പ് ഡ്രൈവര്‍ മുതല്‍ സജിന്‍ ഗോപുവിനെ നമ്മള്‍ കണ്ടത് മുഴുവന്‍ അല്‍പമെങ്കിലും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തിട്ടാണ്. എന്നാല്‍ ഹാസ്യം എന്ന ഴോണര്‍ മാത്രമല്ല സജിന് വഴങ്ങുക എന്നതാണ് സത്യം.
തീയേറ്ററിലും ഒടിടിയിലും ഒരുപോലെ ഹിറ്റ് ആയ സിനിമയാണ് 'പൊന്‍മാന്‍'. ബേസില്‍ ജോസഫിന്റെ നായക കഥാപാത്രം അത്രയേറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടുകയും ചെയ്തു. എന്നാല്‍, സിനിമയിലെ വില്ലന്‍ ആയ മരിയാനോ ആയി സജിന്‍ ഗോപു നടത്തിയ വേഷപ്പകര്‍ച്ച ഞെട്ടിക്കുന്നതായിരുന്നു.
അത്രയേറെ പരുക്കനും അന്‍ റൊമാന്റിക്കും ആയ ഒരു ചെറുപ്പക്കാരനാണ് മരിയാനോ. നായികാ കഥാപാത്രമായ സ്റ്റെഫി ഗ്രാഫിനെ അവതരിപ്പിച്ച ലിജോമോളോട് മരിയാനോയുടെ പെരുമാറ്റം ഓരോ പ്രേക്ഷകനിലും സൃഷ്ടിക്കുന്ന വെറുപ്പ് തന്നെയാണ് സജിന്‍ ഗോപുവിന് ലഭിക്കുന്ന അവാര്‍ഡ്.
ചുരുളിയിലെ ജീപ്പ് ഡ്രൈവര്‍ക്ക് ശേഷം സജിന്‍ ഗോപുവിന് ഏറ്റവും ജനശ്രദ്ധ നേടിത്തന്ന കഥാപാത്രം ആയിരുന്നു ജാനേ മന്നിലെ സജി വൈപ്പിന്‍ എന്ന ഗുണ്ടാവേഷം. ഇതിന് തൊട്ടുപിറകെ വന്ന രോമാഞ്ചത്തിലെ 'നിരൂപേട്ടന്‍' എന്ന കഥാപാത്രവും പ്രേക്ഷകരെ അത്രയേറെ ചിരിപ്പിച്ചിട്ടുണ്ട്.
എന്തായാലും സജിന്‍ ഗോപുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമാണ് പൊന്‍മാനിലെ മരിയാനോ എന്ന് പറയാം. ചില സമയങ്ങളില്‍ ചിരിപ്പിക്കുകയും ചില സമയങ്ങളില്‍ നിസ്സഹായതകൊണ്ട് തളര്‍ത്തുകയും ചിലസമയങ്ങളില്‍ വില്ലത്തരവും ക്രൂരതയും കൊണ്ട് ഞെട്ടിപ്പിക്കുകയും ചെയ്ത മരിയാനോയെ വെല്ലാന്‍ സജിന്‍ ഗോപുവിന് ഇനി മറ്റൊരു കഥാപാത്രത്തെ കിട്ടേണ്ടിവരും.