CBSE Results 2025: സിബിഎസ്ഇ ഫലം എന്ന് വരുമെന്ന് കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ബോർഡ് നൽകിയിട്ടില്ല. ഫലത്തിനായി വിദ്യാർത്ഥികൾ കാത്തിരിക്കുകയാണ്.
CBSE 10th 12th Results 2025: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ഫലത്തിനായി കാത്തിരിക്കുകയാണ് 42 ലക്ഷത്തിലധികം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും. ഇന്നും നാളെയുമായി ഈ രണ്ട് ക്ലാസുകളുടെയും ഫലം പുറത്തുവരുമെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാൽ കൃത്യമായ തിയതിയോ സമയമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
cbse.gov.in, cbseresults.nic.in, and results.cbse.nic.in. എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും. റോൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, സ്കൂൾ കോഡ്, ജനനത്തീയതി തുടങ്ങിയ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചാണ് ഫലം നോക്കേണ്ടത്.
വെബ്സൈറ്റുകൾ അല്ലാതെ ഉമാംഗ് ആപ്പ്, ഡിജിലോക്കർ, എസ്എംഎസ് തുടങ്ങിയ സംവിധാനങ്ങളിലൂടെയും സിബിഎസ്ഇ ഫലം അറിയാൻ സാധിക്കും.
ഡിജിലോക്കർ അക്കൗണ്ടിലൂടെ സുരക്ഷിതമായി ഫലം നോക്കാൻ സാധിക്കും. ഡിജിലോക്കറിലൂടെ ഫലം എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. ഘട്ടം 1: ഡിജിലോക്കർ പോർട്ടലായ cbse.digitallocker.gov.in സന്ദർശിക്കുക, ഘട്ടം 2: "ഡിജിറ്റൽ ഡോക്യുമെന്റുകൾ" ടാബിൽ ക്ലിക്ക് ചെയ്യുക, ഘട്ടം 3: ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, സിബിഎസ്ഇ 10 അല്ലെങ്കിൽ 12 ക്ലാസ് മാർക്ക്ഷീറ്റിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക, ഘട്ടം 4: മാർക്ക്ഷീറ്റ് ലഭിക്കുന്നതിനായി റോൾ നമ്പറും മറ്റ് ലോഗിൻ വിവരങ്ങളും നൽകുക.
എന്നാൽ ഫലം അറിയാൻ ഡിജിലോക്കറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ട് ആക്ടീവ് ആണോ? അല്ലെങ്കിൽ എങ്ങനെ ആക്ടീവ് ആക്കാമെന്ന് കൂടി നോക്കാം.
ഡിജിലോക്കർ പോർട്ടലായ cbseservices.digilocker.gov.in സന്ദർശിക്കുക. തുടർന്ന് അക്കൗണ്ട് ക്രിയേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സ്കൂളിൽ നിന്ന് നൽകിയ ആവശ്യമായ വിവരങ്ങളും ആക്സസ് കോഡും നൽകുക. തുടർന്ന് നിങ്ങൾ നൽകിയ വിശദാംശങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. പിന്നീട് മൊബൈൽ നമ്പർ നൽകുക. നമ്പർ കൊടുക്കുമ്പോൾ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്ത് നൽകുക. ഇത്രയും ചെയ്ത് കഴിയുമ്പോൾ നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ട് ആക്ടീവ് ആകും.
42 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് 2025 ഫെബ്രുവരി 15 നും ഏപ്രിൽ 4 നും ഇടയിൽ നടന്ന ബോർഡ് പരീക്ഷകൾ എഴുതിയത്. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18 ന് അവസാനിച്ചിരുന്നു. 12-ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 4 നും അവസാനിച്ചു.