ലോകത്തിലെ മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യൻ ചാണക്യൻ. അധ്യാപകനും തത്വചിന്തകനും രാജാവിൻറെ ഉപദേശകനുമായിരുന്നു കൌടില്യൻ എന്നും അറിയപ്പെട്ടിരുന്ന ചാണക്യൻ.
ജീവിതത്തിൽ വിജയം നേടാനും പ്രതികൂല സാഹചര്യങ്ങളെ നേരിടാനും ചാണക്യ നീതിയിൽ നിരവധി മാർഗങ്ങൾ നിർദേശിക്കുന്നു. ജീവിത വിജയം നേടുന്നതിന് ചാണക്യ നീതി നിർദേശിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ചില സമയങ്ങളിൽ സാധിക്കില്ല. ചില സാഹചര്യങ്ങളിൽ ധൈര്യവും ബുദ്ധിയും ഉപയോഗിച്ചാലും അതീജീവിക്കാനാകില്ല. അത്തരം സന്ദർഭങ്ങളെ ബുദ്ധിപൂർവ്വം ഒഴിവാക്കുകയാണ് വേണ്ടതെന്ന് ചാണക്യൻ പറയുന്നു.
വരൾച്ച ബാധിത പ്രദേശം താമസത്തിന് യോഗ്യമല്ല. ഇത്തരം സ്ഥലങ്ങൾ താമസത്തിന് തിരഞ്ഞെടുക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്. ഇത്തരം സ്ഥലങ്ങളിൽ നിന്ന് മാറിത്താമസിക്കുക.
യുദ്ധമോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുന്ന സ്ഥലം താമസത്തിനായി തിരഞ്ഞെടുക്കരുത്. യുദ്ധം നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ അക്രമമോ കലാപമോ ഉണ്ടാകുന്ന സ്ഥലങ്ങളിൽ നിന്ന് വേഗത്തിൽ ഒഴിഞ്ഞുപോകണം.
സമ്പദ് വ്യസ്ഥയിൽ തകർച്ചയുണ്ടാകുന്ന സ്ഥലം താമസത്തിനായി തിരഞ്ഞെടുക്കരുത്. ഇത് അവശ്യ വസ്തുക്കൾക്കായി നിങ്ങൾ കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കും. സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. ഇത് ജീവിതത്തിൽ നഷ്ടങ്ങൾ വരുത്തും.
മോശം വ്യക്തികളിൽ നിന്ന് അകലം പാലിക്കണം. ദുഷ്ടരായ ആളുകളുടെ കെണിയിൽ വീഴരുത്.കുറ്റവാളികളായ ആളുകൾ താമസിക്കുന്ന ഇടങ്ങളിൽ താമസിക്കരുത്. ഇത്തരം ആളുകളുടെ സഹവാസം നിങ്ങളെ പ്രശ്നങ്ങളിലേക്ക് നയിക്കും.
അക്രമാസക്തരായ മൃഗങ്ങളെ ഇണക്കുകയോ അവയുമായി സൌഹൃദത്തിലാകുകയോ ചെയ്യരുത്. ഇവ വിശപ്പ്, ദേഷ്യം എന്നിവ വരുമ്പോൾ നമുക്ക് നേരെ തിരിയാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇത്തരം അക്രമാസക്തരായ മൃഗങ്ങളിൽ നിന്ന് അകലം പാലിക്കാൻ ചാണക്യൻ നിർദേശിക്കുന്നു.