സ്വർണത്തിന് റെക്കോർഡ് വില. ഇസ്രയേൽ പലസ്തീൻ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ വില വർധനവിന് പിന്നിലെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞ സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ്. പശ്ചിമേഷ്യയിലെ യുദ്ധഭീതിയാണ് വില വർധനവിന് പിന്നിലെന്നാണ് വിലയിരുത്തൽ.
ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം ആറ് പൈസ ഉയർന്ന് 86.74ൽ ആണ് വ്യാപാരം ആരംഭിച്ചത്. രൂപയുടെ മൂല്യം വർധിച്ചില്ലായിരുന്നെങ്കിൽ സ്വർണവില കൂടുതൽ ഉയരുമായിരുന്നു.
വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാനിരുന്നവരെ ആശങ്കപ്പെടുത്തുന്ന വിലയാണ് ഇന്നത്തേത്. കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായി പവന് 66,000 രൂപയായി.
സ്വർണത്തിന് ജിഎസ്ടി മൂന്ന് ശതമാനം ആണ്. ഹോൾമാർക്ക് ഫീസായി 53.10 രൂപ നൽകണം. ഇതിന് പുറമേയാണ് പണിക്കൂലി വരുന്നത്.
അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏകദേശം 71,434 രൂപ നൽകണം. ഒരു ഗ്രാം സ്വർണത്തിന് 8,930 രൂപയാകും.
10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 75,000 രൂപ നൽകണം. ഒരു ഗ്രാമിന് 9,350 രൂപയോളമാകും.
പവന് ഇന്ന് 320 രൂപയാണ് വർധിച്ചത്, ഗ്രാമിന് 40 രൂപ കൂടി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ വർധിച്ച് 6,810 രൂപയാണ് വില.
വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. വെള്ളിക്ക് ഗ്രാമിന് 111 രൂപയാണ്. ആഗോളവിപണിയിലെ മാറ്റങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കും.