Family Pension Rules Chnaged: സർക്കാർ ജീവനക്കാരുടെ കുടുംബ പെൻഷൻ നിയമങ്ങൾ പരിഷ്കരിച്ച് കേന്ദ്രം. ജീവനക്കാരുടെ മാതാപിതാക്കൾക്കാണ് ഈ പുതിയ നിയമം ബാധകമാകുന്നത്.
നിലവിലുള്ള സംവിധാനത്തിലെ ചില പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്ന് അവ പരിഹരിക്കുന്നതിനായാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതൽ കുടുംബ പെൻഷൻ ലഭിക്കുന്നതിനായി സർക്കാർ ജീവനക്കാരുടെ മാതാപിതാക്കൾ ഈ സുപ്രധാന കാര്യം ചെയ്യേണ്ടതുണ്ട്.
പെൻഷൻ ആൻഡ് പെൻഷണേഴ്‌സ് വെൽഫെയർ വകുപ്പ് (DoPPW) പുറപ്പെടുവിച്ച ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം, ഭാര്യയോ കുട്ടികളോ ഇല്ലാത്ത ഒരു സർക്കാർ ജീവനക്കാരൻ മരണപ്പെട്ടാൽ, ആ വ്യക്തിയുടെ മാതാപിതാക്കൾക്ക് ആശ്രിത കുടുംബ പെൻഷൻ അനുവദിക്കും.
മരണമടഞ്ഞ സർക്കാർ ജീവനക്കാരന്റെ മാതാപിതാക്കൾക്ക് തുടർന്നും കുടുംബ പെൻഷൻ ലഭിക്കണമെങ്കിൽ ഇരുവരുടെയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം എന്ന നിയമമാണ് ഇപ്പോൾ നിർബന്ധമാക്കിയിരിക്കുന്നത്.
ജീവനക്കാരന്റെ അവസാന ശമ്പളത്തിന്റെ 75 ശതമാനം വരെയാണ് ഈ പെൻഷൻ ലഭിക്കും. മാതാപിതാക്കൾ ഇരുവരും ജീവിച്ചിരിപ്പുണ്ടെങ്കിൽ മാത്രമെ ഈ നിരക്കിൽ ലഭിക്കുകയുള്ളൂ. മാതാപിതാക്കളിൽ ഒരാൾ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കിൽ പെൻഷൻ നിരക്ക് 60 ശതമാനമായി കുറയും.
നിലവിലുള്ള നിയമങ്ങളിൽ, മാതാപിതാക്കൾ രണ്ട് പേരും ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണമെന്ന വ്യക്തമായ നിബന്ധനയുണ്ടായിരുന്നില്ല. അത്തരത്തിലൊരു നിയമം ഇല്ലാതിരുന്നതിനാൽ തന്നെ അവരിൽ ഒരാൾ മരിച്ചാലും, 75 ശതമാനം പെൻഷൻ തുടരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ പ്രശ്നം ഒഴിവാക്കുന്നതിനാണ് പുതിയ ഭേദഗതികൾ കൊണ്ടുവന്നത്.
ഇനി മുതൽ, മാതാപിതാക്കൾ രണ്ടുപേരും ജീവിച്ചിരിക്കുന്നിടത്തോളം, അവർ എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. എല്ലാ വർഷവും നവംബറിലാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാതെ പോയാൽ കുടുംബ പെൻഷൻ പേയ്‌മെന്റുകൾ നിർത്തുകയോ കുറയ്ക്കുകയോ ചെയ്‌തേക്കും.
രാജ്യത്തുടനീളമുള്ള എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും കുടുംബങ്ങൾക്ക് ഈ മാറ്റങ്ങൾ ബാധകമാണ്. ഈ പുതിയ നിയമം പെൻഷൻ സംവിധാനത്തിൽ സുതാര്യത വർധിപ്പിക്കും. പെൻഷൻ വാങ്ങുന്ന മാതാപിതാക്കൾക്ക് അവരുടെ ഉപജീവന രേഖകൾ കൃത്യസമയത്ത് സമർപ്പിച്ചാൽ ഒരു ബുദ്ധിമുട്ടും കൂടാതെ പ്രതിമാസ പെൻഷൻ ലഭിക്കുന്നതായിരിക്കും.