Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വില ഉയർന്നത്.
ഒരു പവന് 80 രൂപ വർധിച്ചതോടെ 65,560 രൂപയ്ക്കാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8195 രൂപയായി ഉയർന്നു. ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു.
മാർച്ച് 20ന് 66,480 രൂപയെന്ന സർവ്വകാല റെക്കോർഡിൽ സ്വർണവിലയെത്തിയിരുന്നു.
മാർച്ച് 20ന് ശേഷമുള്ള 5 ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ 1000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
5 ദിവസം തുടർച്ചയായി വില കുറഞ്ഞതിനാൽ സ്വർണം വാങ്ങാനുദ്ദേശിച്ചവർക്ക് നേരിയ ആശ്വാസമുണ്ടായിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില വർധിച്ചതോടെ ആശങ്ക വർധിക്കുകയാണ്.
ഏപ്രിൽ മാസം തുടങ്ങുന്നതിനൊപ്പം കല്യാണ സീസണും ആരംഭിക്കുകയാണ്. അതിനാൽ സ്വർണവ്യാപാരത്തിന് ഡിമാൻഡ് വർധിക്കും.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് രാജ്യത്ത് സ്വർണവില മാറിമറിയും. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കും.