Operation Sindoor: ഒറ്റ രാത്രി കൊണ്ടാണ് ഇന്ത്യൻ സൈന്യം ഭീകര കേന്ദ്രങ്ങൾ തകർത്തത്. കരസേനയും വായുസേനയും നാവികസേനയും സംയുക്തമായാമ് ആക്രമണം നടത്തിയത്.
Operation Sindoor Terror Camps: ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് 15 നാളുകൾക്ക് ശേഷം ഇന്ത്യ മറുപടി നൽകിയിരിക്കുകയാണ്. ഓപ്പേറഷൻ സിന്ദൂറിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നൽകിയിരിക്കുന്നത്. പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ഇന്ന് പുലർച്ചെ വ്യോമാക്രമണം നടത്തിയത്. ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ താവളങ്ങളാണ് ഇന്ത്യൻ ആക്രമണത്തിൽ തകർന്ന് തരിപ്പണമായത്. ഇന്ത്യയുടെ തിരിച്ചടിയാൽ തകർന്നടിഞ്ഞ 9 പാക് ഭീകരകേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മർകസ് സുബ്ഹാനല്ല - ബഹവല്‍പൂർ ആയിരുന്നു ഇന്ത്യയുടെ ഒരു ടാർജറ്റ്. ഇവിടെയുള്ള മർകസ് സുബ്ഹാന കേന്ദ്രം ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിൽ ഇന്ത്യ തകർത്തു. 2015 മുതല്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഭീകര കേന്ദ്രമാണിത്. ജയ്ഷെ മുഹമ്മദ് ഭീകരരുടെ പ്രധാന പരിശീലന കേന്ദ്രമാണ് മർകസ് സുബ്ഹാനല്ല. ജയ്‌ഷെ തലവന്‍ മൗലാന മസൂജ് അഷര്‍ അടക്കമുള്ള ഭീകര നേതാക്കളുടെ വസതികൾ ഉള്ളത് മർകസ് സുബ്ഹാനല്ലയിലാണ്.
മർകസ് ത്വയ്ബ - പാക് പഞ്ചാബിലെ മുരിഡ്‌കെ നഗരത്തിലുള്ള മർകസ് ത്വയ്ബ ആയിരുന്നു ഇന്ത്യയുടെ മറ്റൊരു ലക്ഷ്യം. ലഷ്കർ ഭീകരുടെ പ്രധാന പരിശീലന കേന്ദ്രമായ ഇവിടെ 2000 മുതല്‍ ഭീകര പരിശീലനം നടക്കുന്നുണ്ട്. ആയുധ പരിശീലനമാണ് ഇവിടെ പ്രധാനമായും നടന്നിരുന്നത്. ത്വയ്ബ കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനായി ഒസാമ ബിന്‍ ലാദന്‍ 10 ദശലക്ഷം രൂപ നൽകിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രണം നടന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. ഇവിടെയാണ് അജ്‌മല്‍ കസബ് പരിശീലനം നേടിയത്. മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍മാരായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, തഹാവൂര്‍ റാണ എന്നിവർ മുമ്പ് മുരിഡ്‌കെ സന്ദര്‍ശിച്ചിരുന്നു.
സർജാൽ/തെഹ്റ കലാൻ - പാക് പഞ്ചാബിലെ നരോവാല്‍ ജില്ലയില്ലുള്ള സർജാൽ എന്ന ഭീകര കേന്ദ്രവും ഇന്ത്യൻ ആക്രമണത്തിൽ തകർന്ന് തരിപ്പണമായി. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണ് ഈ താവളം സ്ഥാപിച്ചത്. ജമ്മു കശ്മീരിലേക്ക് പാക് തീവ്രവാദികളെ നുഴഞ്ഞുകയറ്റാനായി സ്ഥാപിച്ചതാണിത്. ഡ്രോൺ ആക്രമണം നടത്താൻ ഉപയോഗിക്കുന്ന ലോഞ്ചിംഗ് ഇടവുമാണിത്. തെഹ്റ കലാൻ ഗ്രാമത്തിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ മറവിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ജമ്മുവിലെ സാംബ സെക്ടറിന് വളരെ അടുത്താണിത്. ഇന്ത്യന്‍ സേനയുടെ കണ്ണിലെ കരടായിരുന്നു സർജാൽ.
മഹ്‍മൂന ജൂയ - സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ മറവില്‍ പ്രവർത്തിക്കുന്ന ഭീകര താവളമാണ് സിയാല്‍ക്കോട്ടിലുള്ള മഹ്‍മൂന ജൂയ. പാകിസ്ഥാന്‍-ഐഎസ്ഐ ഗൂഢാലോചനയുടെ മറ്റൊരു തെളിവാണിത്. ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ ഇവര്‍ക്ക് ആയുധ പരിശീലനം നൽകിവന്നിരുന്നു. കൊടുംഭീകരനായ ഇര്‍ഫാന്‍ താണ്ടയാണ് ഭീകര താവളത്തിന്‍റെ കമാന്‍ഡര്‍.
മർകസ് അഹ്‍ലെ ഹദീസ് - ബര്‍ണാല ടൗണിന്‍റെ പ്രാന്തപ്രദേശമായ കോട്ട് ജമാലിലാണ് മര്‍കസ് അഹ്‌ലെ ഹദീസ് സ്ഥിതി ചെയ്യുന്നത്. പാക് അധീന കശ്‌മീരില്‍ ലഷ്‌കര്‍ ഭീകരരുടെ മറ്റൊരു പ്രധാന താവളമാണ് മര്‍കസ് അഹ്‌ലെ ഹദീസ്. പൂഞ്ച്, രജൗരി സെക്ടറുകളിലേക്ക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ഇവിടെ നിന്നാണ്. കൂടാതെ ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിനും മർകസ് അഹ്‍ലെ ഹദീസ് ഉപയോഗിക്കുന്നു. ഒരേസമയം 150 ഭീകരരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ താവളം. ഇവിടെയാണ് ഖ്വാസിം ഗുജ്ജാറിനെയും ഖ്വാസും ഖണ്ഡയെയും അനസ് ജരാറിനെയും പോലുള്ള കൊടുംഭീകരര്‍ പ്രവര്‍ത്തിക്കുന്നത്.
മർകസ് അബ്ബാസ് - പാക് അധീന കശ്മീരിലെ കോട്‌ലിയിലാണ് ജയ്‌ഷെ ഭീകരകേന്ദ്രമായ മർകസ് അബ്ബാസുള്ളത്. ജയ്‌ഷെ നേതാവ് മുഫ്‌തി അബ്‌ദുള്‍ റൗഫ് അസ്‌ഗറിന്‍റെ പ്രധാന സഹായിയായ ഹാഫിസ് അബ്‌ദുള്‍ ഷകൂറാണ് മർകസ് അബ്ബാസിന്റെ തലവൻ. ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും നേരിട്ടുള്ള പങ്കാളിയാണ് ഷകൂര്‍. 125 ജയ്ഷെ ഭീകരര്‍ വരെ ഇവിടെയുണ്ടാവാറുണ്ട് എന്നാണ് നിഗമനം. പൂഞ്ച്- രജൗരി മേഖലകളിലേക്കുള്ള നുഴഞ്ഞുകയറ്റം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും ഇവിടെ നിന്നാണ്.
മസ്കർ റഹീൽ ഷാഹിദ് - കോട്‌ലിയില്‍ സ്ഥിതി ചെയ്യുന്ന ഭീകര താവളമായ മസ്കർ റഹീൽ ഷാഹിദും ഇന്ത്യ ഇന്നത്തെ ആക്രമണത്തിൽ തകർത്തിരുന്നു. 200 ഭീകരരെ വരെ പരിശീലിപ്പിക്കാനുള്ള സൗകര്യം ഇവിടുണ്ട്. വെടിവെപ്പ് പരിശീലനമാണ് പ്രധാനമായും ഇവിടെ നടക്കുന്നത്.
ഷവായ് നല്ലാഹ് - പാക് അധീന കശ്‌മീരിലെ മുസഫറാബാദിലാണ് ഷവായ് നല്ലാഹ് എന്ന ഭീകരതാവളമുള്ളത്. മുംബൈ ഭീകരാക്രമണത്തിലെ പ്രധാനിയായിരുന്ന അജ്‌മല്‍ കസബിന് ഇവിടെ നിന്നും പരിശീലനം കിട്ടിയിരുന്നു. ലഷ്ക്കർ ഭീകരരുടെ റിക്രൂട്ട്‌മെന്‍റിനും പരിശീലനത്തിനും ഇവിടം ഉപയോഗിച്ചിരുന്നു. 2000ത്തിന്‍റെ തുടക്കം മുതല്‍ ഈ ക്യാമ്പ് പ്രവര്‍ത്തിച്ചുവരികയായിരുന്നു. സാങ്കേതികവിദ്യകളിലുള്ള പരിശീലനം ഉള്‍പ്പടെ ഇവിടെ നിന്നും നേടിയിരുന്നു. ലഷ്‌കര്‍ ഭീകരര്‍ക്ക് പാക് സൈന്യത്തില്‍ നിന്നുള്ള വിദഗ്ധര്‍ ആയുധ പരിശീലനം നല്‍കിയിരുന്നതും ഇവിടെ വച്ചാണ്. ഒരേസമയം 250 ലഷ്‌കര്‍ ഭീകരര്‍ക്ക് വരെ പരിശീലനം നല്‍കാന്‍ ഈ ഭീകര കേന്ദ്രത്തിൽ സൗകര്യമുണ്ടായിരുന്നു.
മർകസ് സൈദിനാ ബിലാൽ - പാക് അധീന കശ്‌മീരിലുള്ള മറ്റൊരു പ്രധാന ഭീകര താവളമാണ് മർകസ് സൈദിനാ ബിലാൽ. ജയ്‌ഷെ മുഹമ്മദ് ഭീകരുടെ താവളമാണിത്. മുസഫറാബാദിലെ റെഡ് ഫോര്‍ട്ടിന് എതിര്‍വശത്താണിത്. ജമ്മു കശ്‌മീരിലേക്ക് അയക്കും മുമ്പുള്ള ഭീകരുടെ ഇടത്താവളമാണിത്. 100 വരെ ഭീകരരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കേന്ദ്രമാണിത്. ജെയ്‌ഷെ ഓപ്പറേഷന്‍ കമാന്‍ഡര്‍ മുഫ്‌തി അസ്‌ഗര്‍ ഖാന്‍ കശ്‌മീരി നേരിട്ടാണ് ഇവിടുത്തെ മേൽനോട്ടം വഹിച്ചിരുന്നത്. പാക് സൈന്യത്തിലെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകള്‍ ഇവിടെ എത്തി ജയ്‌ഷെ ഭീകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.