Three Year Old Girl Murder Case: ഇപ്പോൾ പീഡനവും കൊലപാതകവും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുകയാണ്
നാടിനെ നടുക്കിയ സംഭവമാണ് കൊച്ചിയിൽ മൂന്നു വയസ്സുകാരിയെ തന്റെ അമ്മ പുഴയിലെറിഞ്ഞു കൊന്നത്. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു പിന്നാലെ കുഞ്ഞ് ലൈംഗീക പീഡനത്തിന് ഇരയായിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. കേസിന്റെ നാൾവഴികളിലൂടെ...
മെയ് 19 തിങ്കളാഴ്ച വൈകിട്ടാണ് മൂന്നുവയസ്സുകാരിയെ അങ്കണവാടിയിൽ നിന്നും തിരിച്ചു വിളിച്ചുകൊണ്ടു വരുന്ന വഴി കുട്ടിയുടെ അമ്മ തന്നെ ആലുവ മൂഴിക്കുളം പാലത്തിൽ നിന്നും താഴേക്കിട്ട് കുട്ടിയെ കൊലപ്പെടുത്തുന്നത്. പിന്നീട് ഒന്നും സംഭവിക്കാത്ത പോലെ രാത്രി 7 മണിയോടെ വീട്ടിലേക്ക് അമ്മ തിരിച്ചു വരികയായിരുന്നു. കുഞ്ഞെവിടെ എന്ന ചോദ്യത്തിന് ഓർമ്മയില്ല എന്ന മറുപടി. തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുമായി അമ്മ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ പാലത്തിന് മുകളില്‍ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ സമ്മതിച്ചു. തുടർന്ന് പുഴയിൽ മണിക്കൂറുകൾ നീണ്ട തിരച്ചില്‍ നടത്തി. ഒടുവിൽ പുലർച്ചെ 3:30യോടെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കുഞ്ഞിനെ കൊല്ലാനുണ്ടായ കരണം അപ്പോഴും അവ്യക്തമായി തുടർന്നു. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇതിനിടയിൽ കുട്ടിയെ അപായപ്പെടുത്താൻ അമ്മ നേരത്തെയും ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്റെ കുടുംബം ആരോപിച്ചു. മരിച്ച കുട്ടിയുടെ അമ്മ ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചെന്ന് യുവതിയുടെ ബന്ധുക്കളും പറയുന്നു. ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തച്ചു. ഇതോടെ കഥയുടെ ഗതിമാറി.
കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് ബന്ധുക്കളെയും ചോദ്യം ചെയ്യുന്നു. ഒടുവിൽ കുട്ടിയുടെ പിതാവിന്റെ സഹോദരൻ പോക്സോ കേസിൽ അറസ്റ്റിലായി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ പുറത്തുവന്നതെല്ലാം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
കുട്ടി ഒരു വർഷത്തോളം തുടർച്ചയായി പീഡനത്തിന് ഇരയായി. കൊലപാതകത്തിന്റെ തലേദിവസവും പീഡിപ്പിക്കപെട്ടു. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി. വീട്ടിൽ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് കുട്ടിയെ എടുത്തു കൊണ്ടുപോയി പ്രതി ഉപദ്രവിച്ചതെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും, കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാൾ പോലീസിനു മൊഴി നൽകി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇനി പീഡനവും കൊലപാതകവും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുകയാണ്. എന്നാൽ ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം അറിഞ്ഞിരുന്നില്ല എന്നാണ് അമ്മയുടെ മൊഴി. കുട്ടി എങ്ങനെ ജീവിക്കും എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുട്ടിയിൽ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നിയെന്നുമാണ് അമ്മയുടെ മൊഴി. എന്തായാലും ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.