വിവാഹം നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ നിരവധി തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. അതിൽ ഒന്നാണ് കല്യാണക്കുറി. എല്ലാവരെയും നമ്മൾ കല്യാണത്തിന് ക്ഷണിക്കുന്നത് ഈ കല്യാണക്കുറി നൽകികൊണ്ടാണ്.
വാസ്തു ശാസ്ത്രമനുസരിച്ച്, ഒരു കല്യാണക്കുറി തയാറാക്കുമ്പോൾ നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതായിട്ടുണ്ട്.
വിശ്വാസപ്രകാരം കല്യാണക്കുറിയിലുണ്ടാകുന്ന തെറ്റുകൾ ചിലപ്പോൾ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. വിവാഹക്കുറി അടിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
ഇപ്പോഴത്തെ ഒരു ട്രെൻഡ് അനുസരിച്ച് വിവാഹ കാർഡുകളിൽ വധുവിന്റെയും വരന്റെയും ഫോട്ടോകൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം വിവാഹ കാർഡിൽ വധുവിന്റെയും വരന്റെയും ചിത്രം വയ്ക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് ഇരുവർക്കും ദൃഷ്ടിദോഷം ഏൽക്കാൻ കാരണമാകുമെന്നാണ് വിശ്വാസം.
അടുത്തതായി ശ്രദ്ധിക്കേണ്ടത് വിവാഹക്കുറിയുടെ നിറമാണ്. വാസ്തു ശാസ്ത്രമനുസരിച്ച്, ചുവപ്പ്, മഞ്ഞ അല്ലെങ്കിൽ വെള്ള നിറത്തിൽ കല്യാണക്കുറികൾ തയാറാക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. കാരണം ഈ നിറങ്ങൾ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. കൂടാതെ കാർഡിൽ ഗണേശ മന്ത്രമോ വിഷ്ണു മന്ത്രമോ എഴുതുന്നതും നല്ലതാണെന്ന് കരുതപ്പെടുന്നു.
വിവാഹക്കുറികൾ വിതരണം ചെയ്യുന്നതിന് മുമ്പ് ഗണപതിയെ ആരാധിക്കുന്നത് തടസങ്ങൾ നീക്കം ചെയ്യുന്നുവെന്നാണ് വിശ്വാസം. ക്ഷണക്കത്ത് ആദ്യം നൽകേണ്ടത് പൂർവ്വികർക്കും കുടുംബ ദേവതകൾക്കുമാണ്. അതിനുശേഷം, കാർഡുകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിതരണം ചെയ്യാം.
വിവാഹ ക്ഷണക്കത്ത് അച്ചടിച്ച ശേഷം അത് വീടിന്റെ വടക്കുകിഴക്ക് ദിശയിൽ വയ്ക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ദേവതകളുടെ വാസസ്ഥലമായാണ് ഈ ദിക്കിനെ കണക്കാക്കുന്നത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)