വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗിലെ നാലാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഒരു വിക്കറ്റിൻ്റെ ജയം. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ യുവതാരം അഷുതോഷ് ശർമയുടെ മികച്ച പ്രകടനമാണ് ഡൽഹിക്ക് ജയം സമ്മാനിച്ചത്. 31പന്തിൽ നിന്ന് 66 റൺസ് നേടിയ അഷുതോഷ് ലഖ്നൗവിൻ്റെ കൈയ്യിൽ നിന്ന് ജയം തട്ടിപറിക്കുകയായിരുന്നു. ലഖ്നൗ ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് മറികടുന്നു.
210 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇന്നിങ്സ് ആരംഭിച്ച ഡൽഹി ക്യാപിറ്റൽസ് വലിയ തകർച്ചയാണ് നേരിട്ടത്. ആദ്യത്തെ രണ്ട് ഓവർ അവസാനിക്കുമ്പോൾ ഡൽഹിക്ക് എട്ട് റൺസിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകളാണ്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ശാര്‍ദ്ദൂൽ താക്കൂര്‍ ഡൽഹിയെ പ്രതിസന്ധിയിലാക്കി. ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, അഭിഷേക് പോറെൽ എന്നിവരെയാണ് ഡൽഹിക്ക് നഷ്ടമായത്. രണ്ടാം ഓവറിൽ സമീർ റിസ്വിയെ പുറത്താക്കി സിദ്ധാർത്ഥ് ലഖ്നൗവിന് കളിയിൽ മേൽകൈ നൽകി. ശേഷം ക്രീസിലെത്തിയ നായകൻ അക്സർ പട്ടേലിനോടൊപ്പം ചേർന്ന് ഫാഫ് ഡുപ്ലെസി ഡൽഹിയെ തകർച്ചയിൽ നിന്ന് കരകയറ്റുന്നതാണ് കാണാനായത്. മൂന്നാം ഓവറിൽ രണ്ട് ബൗണ്ടറികളും, നാലാം ഓവറിൽ ഒരു സിക്സറും രണ്ട് ബൗണ്ടറികളുമാണ് പിറന്നത്. ശാര്‍ദ്ദൂൽ താക്കൂർ എറിഞ്ഞ അഞ്ചാം ഓവറിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും സഹിതം 13 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. എന്നാൽ പവര്‍ പ്ലേ അവസാനിക്കുന്ന ആറാം ഓവറിൽ ദ്വിഗ്വേഷ് എറിഞ്ഞ പന്തിൽ അക്സർ പട്ടേൽ (22) വീണു. തോട്ടടുത്ത ഓവറിൽ 29 റൺസെടുത്ത ഡുപ്ലെസിയെ രവി ബിഷ്ണോയി പുറത്താക്കിയതോടെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് വിജയപ്രതീക്ഷയിലായി.
ആറാമനായി ക്രീസിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്സ് 22 പന്തിൽ മൂന്ന് സിക്സറുകളടക്കം 34 റൺസ് നേടി പ്രതീക്ഷ നൽകിയെങ്കിലും സിദ്ധാർത്ഥിൻ്റെ പന്തിൽ ക്ലീൻ ബോൾഡായതോടെ ഡൽഹിയുടെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. എന്നാൽ ഏഴാമനായി ക്രീസിലെത്തിയ അഷുതോഷ് ശർമയുടെ പ്രകടനം ലഖ്നൗവിൻ്റെ കണക്കുകൂട്ടലുകൾക്ക് മുകളിലായിരുന്നു. അശുതോഷിൻ്റെ കൂടെ വിപ്‍രാജ് നിഗം കൂടി ചേർന്ന് ആഞ്ഞടിച്ചതോടെ ലഖ്നൗ അപകടം മണത്തു. ഏഴാം വിക്കറ്റിൽ 55 റൺസിൻ്റെ നിർണായക കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 17ാം ഓവറിൽ 39 റൺസെടുത്ത വിപ്‍രാജിൻ്റെ വിക്കറ്റ് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ മിച്ചൽ സ്റ്റാർക്കും പുറത്തായതോടെ ലഖ്നൗ വീണ്ടും വിജയ പ്രതീക്ഷയിലായി. എന്നാൽ ലഖ്നൗവിൻ്റെ എല്ലാ പ്രതീക്ഷകളും തകർന്നടിയുന്നതിനാണ് വിശാഖപട്ടണം എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. രവി ബിഷ്ണോയ് എറിഞ്ഞ 18ാം ഓവറിൽ 17 റൺസ് നേടിയതോടെ ഡൽഹിയുടെ പ്രതീക്ഷ അഷുതോഷിലായി. 19ാം ഓവറിൽ ഒമ്പതാമത്തെ വിക്കറ്റ് നഷ്ടപ്പെട്ടിട്ടും അതു കാര്യമാക്കാതെ തകർപ്പൻ പ്രകടനത്തിലൂടെ അഷുതോഷ് മത്സരം അവസാന ഓവറിലേക്ക് നീട്ടി. അവസാന നാല് പന്തിൽ അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോൾ ഒരു തകർപ്പൻ സിക്സിലൂടെ അഷുതോഷ് ഡൽഹി ജയം സമ്മാനിച്ചു.
ബാറ്റിങ് ആരംഭിച്ച ലഖ്നൗ സൂപ്പർ ജയൻ്റ്സ് നിക്കോളാസ് പൂരൻ്റെയും മിച്ചൽ മാർഷിൻ്റെയും അർധ സെഞ്ച്വറികളുടെ മികവിലാണ് 209 റൺസ് എന്നി സ്കോറിലെത്തിയത്. 30 പന്തിൽ ആറ് ഫോറും ഏഴ് സിക്സും സഹിതം 75 റൺസ് പൂരൻ നേടിയപ്പോൾ 36 പന്തിൽ ആറ് ഫോറും ആറ് സിക്സും സഹിതം 72 റൺസാണ് മാർഷ് നേടിയത്. ഇരുവർക്കും പുറമേ 27 റൺസെടുത്ത ഡേവിഡ് മില്ലർ മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ നിരന്തരമായി വീണതാണ് ലഖ്നൗവിന് തിരിച്ചടിയായത്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.