റിപ്പബ്ലിക് ദിനത്തിൽ വിജയം സമ്മാനിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഈഡൻ പാർക്കിൽ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ മുന്നിലെത്തി. 

Sheeba George | Updated: Jan 26, 2020, 05:53 PM IST
റിപ്പബ്ലിക് ദിനത്തിൽ വിജയം സമ്മാനിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഓക്ക്‌ലന്‍ഡ്: ഈഡൻ പാർക്കിൽ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ മുന്നിലെത്തി. 

രണ്ടാം ടി20യിൽ 7 വിക്കറ്റ് ജയം നേടി റിപ്പബ്ലിക് ദിന സമ്മാനം നല്‍കുകയായിരുന്നു ഇന്ത്യന്‍ ടീം.

കെ.എല്‍ രാഹുലിന്‍റെ ബാറ്റി൦ഗ് മികവ് ആണ് വിജയത്തിന് അടിത്തറയിട്ടത്. തുടര്‍ച്ചയായ മൂന്നാം ടി-20യിലാണ് രാഹുല്‍ അര്‍ധ സെഞ്ചുറി നേടുന്നത്. ടി-20 കരിയറില്‍ രാഹുലിന്‍റെ 11-ാം അര്‍ധ സെഞ്ചുറി കൂടിയാണിത്.

ബാറ്റിംഗ് തുടക്കത്തില്‍തന്നെ വിരാട് കോ​ഹ്​​ലിയേയും രോഹിതിനെയും നഷ്ടമായെങ്കിലും കെ. എൽ. രാഹുലിന്‍റെയും ശ്രേയസ് അയ്യരുടെയും ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

മികച്ച ഫോം തുടരുന്ന കെഎൽ രാഹുൽ 50 പന്തിൽ നിന്ന് 57 റൺസെടുത്തു. ശ്രേയസ് അയ്യർ 33 പന്തിൽ നിന്ന് 44 റൺസെടുത്തു. ശിവം ദുബെ 4 പന്തിൽ നിന്ന് 8 റൺസെടുത്ത് പുറത്താവാതെ നിന്നു.

അതേസമയം, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മികച്ച സ്കോർ പടുത്തുയർത്താമെന്ന ആത്മവിശ്വാസത്തോടെയാണ് ന്യൂസിലാൻഡ്‌ ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍, ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. മികച്ച തുടക്കം ലഭിച്ചുവെങ്കിലും മധ്യനിരയിൽ റൺനിരക്ക് കുറഞ്ഞതാണ് ന്യൂസിലാന്‍ഡിന്‍റെ സ്കോർ കുറയാൻ കാരണമായത്. ന്യൂസിലാന്‍ഡിന് വെറും 132 റൺസ് നേടാനേ കഴിഞ്ഞുള്ളു. 

ഓപ്പണർമാരായ കോളിൻ മൺറോയും മാർട്ടിൻ ഗപ്ടിലും മികച്ച തുടക്കമാണ് ന്യൂസിലാന്‍ഡിന് സമ്മാനിച്ചത്. 20 പന്തിൽ നിന്ന് 33 റൺസെടുത്ത് ഗപ്ടിലും 25 പന്തിൽ നിന്ന് 26 റൺസെടുത്ത് മൺറോയും പുറത്തായി. 3 റൺസെടുത്ത് ഗ്രാൻറ് ഹോമും പുറത്തായി. 11 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്തിട്ടുണ്ട്.

നേരത്തെ ഒന്നാം ടി20യിൽ ഇന്ത്യ 6 വിക്കറ്റിന് ന്യൂസിലാന്‍ഡിനെ തകർത്തിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.