T20: ഇന്ത്യയെ സമനിലയില്‍ തളച്ച് വെസ്റ്റ് ഇന്‍ഡീസ്

ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് രണ്ടാം T20 കൈപിടിയിലൊതുക്കി വെസ്റ്റ് ഇന്‍ഡീസ്. ആര്‍ത്തിരുമ്പിയ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ ബാക്കി.

Last Updated : Dec 9, 2019, 01:20 PM IST
  • 3 മത്സരങ്ങളുടെ പരമ്പരയില്‍ ഒരു വിജയം നേടി വെസ്റ്റ് ഇന്‍ഡീസ് സമനില നേടി
  • ഇതോടെ 11ന് നടക്കുന്ന മൂന്നാമത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായി.
T20: ഇന്ത്യയെ സമനിലയില്‍ തളച്ച് വെസ്റ്റ് ഇന്‍ഡീസ്

തിരുവനന്തപുരം: ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് രണ്ടാം T20 കൈപിടിയിലൊതുക്കി വെസ്റ്റ് ഇന്‍ഡീസ്. ആര്‍ത്തിരുമ്പിയ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ ബാക്കി.

3 മത്സരങ്ങളുടെ പരമ്പരയില്‍ ഒരു വിജയം നേടി വെസ്റ്റ് ഇന്‍ഡീസ് സമനില നേടി. ഇതോടെ 11ന് നടക്കുന്ന മൂന്നാമത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായി.

ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരുന്നു. അതേസമയം, ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു.  

ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സ് നേടിയത്. 54 റണ്‍സ് നേടി ശിവം ദ്യൂബയും 33 റണ്‍സുമായി പുറത്താകാതെ നിന്ന പന്തുമാണ് ഇന്ത്യയ്ക്ക് നല്ല സ്കോര്‍ സമ്മാനിച്ചത്‌.

ആദ്യ പകുതിയില്‍ ഇന്ത്യന്‍സ്‌കോര്‍ 200 കടക്കുമെന്ന് അപ്പോള്‍ പ്രതീക്ഷിച്ചെങ്കിലും രണ്ടാംപകുതിയില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. 10.6 ഓവറില്‍ 100 റണ്‍സിലെത്തിയ ഇന്ത്യ പിന്നീടുള്ള ഒമ്പത് ഓവറുകളില്‍ നേടിയത് ഏഴുപത് റണ്‍ മാത്രമായിരുന്നു. സ്പിന്നര്‍മാരും കെസ്‌റിക് വില്യംസുമായിരുന്നു ഇന്ത്യന്‍ സ്‌കോറിംഗിന്‍റെ വേഗം കുറച്ചത്.

എന്നാല്‍, ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്‍റെ വിജയലക്ഷ്യം 18.3 ഓവറില്‍ നേടിയെടുക്കുകയായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. അതും വെറും 2 വിക്കറ്റ് നഷ്ടത്തില്‍!! ഓപ്പണര്‍മാരായ സിമ്മണ്‍സിന്‍റെയും ലൂയിസിന്‍റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് വിന്‍ഡീസിന് ലക്ഷ്യം നേടാന്‍ സഹായകമായത്. 

വിന്‍ഡീസ് സ്കോര്‍ 73 റണ്‍സില്‍ എത്തിയ ശേഷമാണ് ആദ്യ വിക്കറ്റ് വീണത്. 35 പന്തില്‍ 40 റണ്‍സെടുത്ത ലൂയിസിനെ വാഷിംങ്ടണ്‍ സുന്ദറിന്‍റെ പന്തില്‍ സ്റ്റംമ്പ് ചെയ്യുകയായിരുന്നു. പിന്നീടെത്തിയ ഹെറ്റ്‌മെയര്‍ കൂറ്റനടികളോടെ റണ്‍ മഴയ്ക്ക്‌ വേഗം കൂട്ടി. മൂന്ന് സിക്‌സറടിച്ച ഹെറ്റ്‌മെയര്‍ ജഡേജയെ നാലാം സിക്‌സിന് ശ്രമിച്ചപ്പോള്‍ മിഡ് ഓണില്‍ ക്യാപ്റ്റന്‍ കോഹ്‌ലി ബൗണ്ടറി വരയോട് ചേര്‍ന്ന് പറന്നു പിടിക്കുകയായിരുന്നു. 

എന്നാല്‍, കോഹ്‌ലിയുടെ ക്യാച്ചിലൂടെ ഇന്ത്യ കളിയിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന സിമ്മണ്‍സും പൂരനും(34) ഇന്ത്യക്ക് പഴുതു നല്‍കിയില്ല.

ഹൈദരാബാദ് നടന്ന ആദ്യ T20യിലെ അതേ ടീമുമായാണ് ഇന്ത്യ കളിച്ചത്. 

പരമ്പര 1-1 ല്‍ എത്തിയതോടെ അടുത്ത മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. 11ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് അടുത്ത മത്സരം നടക്കുക. 

Trending News