സ്കൂള്‍ കായിക മേളയ്ക്ക് തുടക്കം; ആദ്യ സ്വര്‍ണ്ണം എറണാകുളത്തിന്

എറണാകുളം കോതമംഗലം മാര്‍ ബേസിലിന്‍റെ അമിത് നാഥിനാണ് മീറ്റിലെ ആദ്യ സ്വര്‍ണ്ണം.  

Ajitha Kumari | Updated: Nov 16, 2019, 05:07 PM IST
സ്കൂള്‍ കായിക മേളയ്ക്ക് തുടക്കം; ആദ്യ സ്വര്‍ണ്ണം എറണാകുളത്തിന്

കണ്ണൂര്‍: 63 മത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കമായി.

ആദ്യ സ്വര്‍ണ്ണം എറണാകുളം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററായിരുന്നു ആദ്യ മത്സരം. എറണാകുളം കോതമംഗലം മാര്‍ ബേസിലിന്‍റെ അമിത് നാഥിനാണ് മീറ്റിലെ ആദ്യ സ്വര്‍ണ്ണം.

മൂവായിരം മീറ്ററിലെ എല്ലാ വിഭാഗത്തിലെയും മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് സ്വര്‍ണ്ണവുമായി മുന്നില്‍ നില്‍ക്കുന്നത് പാലക്കാട്‌ ആണ്.  സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ കല്ലടി സ്കൂളിലെ സി.ചാന്ദ്നിയും ജൂനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ റിജോയ്. ജെയുമാണ്‌ പാലക്കാടിന് വേണ്ടി സ്വര്‍ണ്ണം നേടിയത്. 

പിന്നാലെ കോഴിക്കോട് ഒരു സ്വര്‍ണ്ണവും, വെള്ളിയും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ കട്ടിപ്പാറ ഹോളി ഫാമിലി എച്ച്‌എസ്‌എസിലെ സനിക.കെ. പിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഈ ഇനത്തില്‍ അനശ്വര ഗണേശനാണ് വെള്ളി ലഭിച്ചത്.

കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന കായികമേളയില്‍ 2500 ത്തോളം താരങ്ങളാണ് പങ്കെടുക്കുന്നത്.