ഭണ്ഡാരിയ്ക്ക് ക്രൂര മര്‍ദനം: പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍!!

കുറ്റവാളിക്ക്​ കഠിനമായ ശിക്ഷ നല്‍കുമെന്നാണ്​ ത​​​ന്‍റെ പ്രതീക്ഷയെന്ന്​ വിരേന്ദര്‍ സെവാഗ്​ പറഞ്ഞു

Updated: Feb 12, 2019, 04:19 PM IST
 ഭണ്ഡാരിയ്ക്ക് ക്രൂര മര്‍ദനം: പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍!!

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരി ക്രൂര മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ ശക്​തമായ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍.

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത്​ തന്നെ ഇങ്ങനെയൊരു സംഭവം നടന്നതില്‍ വെറുപ്പ്​​ തോന്നുന്നുവെന്ന്​ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചു. 

ടീമിലെടുക്കാത്തതിന്‍റെ പേരില്‍ ആക്രമം നടത്തിയ താരത്തിന്​ ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക്​ നല്‍കണമെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. 

കുറ്റവാളിക്ക്​ കഠിനമായ ശിക്ഷ നല്‍കുമെന്നാണ്​ ത​​​ന്‍റെ പ്രതീക്ഷയെന്ന്​ വിരേന്ദര്‍ സെവാഗ്​ പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

അണ്ടര്‍ 23 ടീമിലേക്ക് തിരഞ്ഞെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു സെലക്ടറായ ഭണ്ഡാരിയെ മര്‍ദനത്തിന് ഇരയാക്കിയത്.

അനുജ് ദേധ എന്ന കളിക്കാര​​ന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഇരുമ്പ് വടിയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ചായിരുന്നു മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും സഹോദരന്‍ നരേഷിനെയും അറസ്റ്റ് ചെയ്തു. 

ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. 

ആക്രമണത്തില്‍ തലയ്ക്കും കാലിലും പരിക്കേറ്റ ഭണ്ഡാരിയെ സന്ത് പരമാനന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭണ്ഡാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.