Asia Cup 2023 : ആറ് ഓവറിൽ ലങ്കയെ അടിച്ചിട്ടു; ഇന്ത്യക്ക് എട്ടാം ഏഷ്യ കപ്പ് കിരീടം
Asia Cup 2023 Final : ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ശ്രീലങ്കയ്ക്ക് 50 റൺസെടുക്കാനെ സാധിച്ചുള്ളൂ
കോളംബോ : ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ വെറും 6.1 ഓവറിൽ തകർത്ത് ഇന്ത്യ. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ലങ്കയുടെ ഇന്നിങ്സ് 50 റൺസിന് തകർന്നടിയുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വെറും ആറ് ഓവറിലാണ് വിജയലക്ഷ്യം കണ്ടെത്തിയത്. ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ചേർന്നാണ് ഇന്ത്യയെ അനയാസം വിജയലക്ഷ്യത്തിലേക്കെത്തിച്ചത്. ഇന്ത്യയുടെ എട്ടാം ഏഷ്യൻ കപ്പ് നേട്ടമാണിത്.
ആറ് വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് സിറാജാണ് ലങ്കയുടെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. ഒരു ഓവറിൽ തന്നെ നാല് വിക്കറ്റ് വീഴ്ത്തി ലങ്കയുടെ ബാറ്റിങ് ലൈനപ്പിനെ സിറാജ് വേരോടെ പിഴുതെറിഞ്ഞത്. സ്കോർ ബോർഡ് 20 റൺസിനുള്ളിൽ അവസാനിക്കുമെന്ന് കരുതിയിടത്തും നിന്നും നാണക്കേഡിന്റെ ഭാരം കുറച്ച് ശ്രീലങ്ക ഒരു വിധം വിജയലക്ഷ്യം 50 കടത്തുകയായിരുന്നു. രണ്ട് ലങ്കൻ താരങ്ങൾ മാത്രമാണ് സ്കോർ ബോർഡിലേക്ക് ഇരട്ട സംഖ്യ സംഭാവന ചെയ്തത്.
ALSO READ : Asia Cup 2023 : ഒരു ഓവറിൽ നാല് വിക്കറ്റ്; സിറാജിന്റെ ലങ്കാദഹനം
സിറാജിന്റെ ലങ്കദഹനം
ഓപ്പണർ പാതു നിസ്സാങ്ക, സധീര സമരവിക്രമ, ചാരിക് അസലങ്ക, ധനഞ്ജയ ഡി സിൽവ എന്നീ നാല് വിക്കറ്റുകളാണ് ലങ്കൻ ഇന്നിങ്സിലെ നാലാം ഓവറിൽ സിറാജ് തെറിപ്പിച്ചത്. നാലാം ഓവറിൽ ആദ്യ പന്തിൽ നിസാങ്കയെ പുുറത്താക്കിയാണ് സിറാജ് ഷോ ആരംഭിക്കുന്നത്. മൂന്നാം പന്തിൽ ഫോമിലുള്ള സമരവിക്രമയെ എൽബിഡബ്ലിയുവിലൂടെ പുറത്താക്കി. തൊട്ടടുത്ത പന്തിൽ അസലങ്കയെ കീപ്പർ ക്യാച്ചിലൂടെ ഔട്ടാക്കി സിറാജ് ഹാട്രിക് നേട്ടത്തിന് അരികിലെത്തി. എന്നാൽ ഹാട്രിക് പന്തിൽ സിൽവ ഫോറടിച്ചെങ്കിലും അതിൽ തളരാതെ അടുത്ത പന്തിൽ കെ.എൽ രാഹുലിന് ക്യാച്ച് നൽകി സിൽവ സിറാജിനോട് തോൽവി സമ്മതിച്ചു. ആ ഓവറിൽ നാല് റൺസ് മാത്രം വിട്ട് നൽകിയാണ് സിറാജിന്റെ നാല് വിക്കറ്റ് നേട്ടം.
എന്നാൽ സിറാജിന്റെ ബോളിങ് ആക്രമണം തുടർന്നു. രണ്ട് ലങ്കൻ താരങ്ങളെയും കൂടി ഡ്രെസ്സിങ് റൂമിലേക്ക് തിരികെ അയിച്ച സിറാജ് തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആകെ ആറ് വിക്കറ്റുകളാണ് ഇതിനോടകം താരം ഇന്നത്തെ മത്സരത്തിൽ നിന്നും നേടിയത്. നാലാം ഓവറിൽ പുറത്താക്കിയ താരങ്ങൾക്ക് പുറമെ കുശാൽ മെൻഡിസ്, ക്യാപ്റ്റൻ ദാസൺ ഷാനുക എന്നിവരുടെ കുറ്റി തെറിപ്പിച്ച് പ്രേമദാസ സ്റ്റേഡിയത്തിൽ കുശാൽ മെൻഡിസ് തന്റെ ആധിപത്യം സൃഷ്ടിച്ചു. ഈ നേട്ടത്തോടെ ആദ്യ പത്ത് ഓവറിനുള്ളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമായി സിറാജ്. സിറാജിന് പുറമെ ജസ്പ്രിത് ബുമ്ര ഒന്നും ഹാർദിക് പാണ്ഡ്യ മൂന്നും ഓരോ വിക്കറ്റുകൾ വീതം നേടി. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യ ഫീൽഡിങ്ങിന് അയക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...