ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് കേരളം വേദിയാകുമോ?

അവസാന റൗണ്ടില്‍ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ മലയാളികള്‍ക്ക് ഇക്കുറി തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്ത് ഐപിഎല്ലിലെ ആവേശപ്പോരാട്ടങ്ങള്‍ കാണാം.  

Updated: Jan 10, 2019, 02:51 PM IST
ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് കേരളം വേദിയാകുമോ?

തിരുവനന്തപുരം: കേരള ടസ്‌കേഴ്‌സിന്‍റെ അന്ത്യത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ താരപ്പൊലിമ നഷ്ടപ്പെട്ട കേരളത്തിന് ഇക്കുറി ആതിഥേയരാകാനുള്ള ഭാഗ്യം ലഭിക്കുമോ എന്നാണ് കായികലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇക്കുറി ഐപിഎല്‍ മാമാങ്കത്തിനു വേദിയാകാന്‍ കേരളത്തിന് ഭാഗ്യം ലഭിക്കും.

ബിസിസിഐ തയാറാക്കിയ 20 ഐപിഎല്‍ വേദികളുടെ പട്ടികയില്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയവും ഇടംപിടിച്ച സാഹചര്യത്തിലാണിത്. അവസാന റൗണ്ടില്‍ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ മലയാളികള്‍ക്ക് ഇക്കുറി തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്ത് ഐപിഎല്ലിലെ ആവേശപ്പോരാട്ടങ്ങള്‍ കാണാം.

ടീമുകളുടെ താല്‍പര്യത്തിലുപരി ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ക്കനുസരിച്ച് ഇത്തവണ വേദി നിശ്ചയിക്കാനുള്ള തീരുമാനമാണ് കേരളത്തിനും വേദി ലഭിക്കാന്‍ സാധ്യതയൊരുക്കിയത്. തിരഞ്ഞെടുപ്പിനെ ബാധിക്കാത്തവിധം ഇക്കുറി ഐപിഎല്‍ മല്‍സരങ്ങള്‍ക്കു ‘ന്യൂട്രല്‍’ വേദികള്‍ കണ്ടെത്താനാണ് നിലവില്‍ ബിസിസിഐയുടെ തീരുമാനം. 

ഇതുപ്രകാരമാണ് തിരുവനന്തപുരം ഉള്‍പ്പെടുന്ന മൈതാനങ്ങളുടെ പട്ടിക ബിസിസിഐ തയാറാക്കിയിരിക്കുന്നത്. കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഉടലെടുത്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഹോം ഗ്രൗണ്ടാക്കാന്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെയും പരിഗണിച്ചിരുന്നു. പക്ഷെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വേദി ഭാഗ്യം തിരുവനന്തപുരത്തിനു നഷ്ടമാകുകയായിരുന്നു.