ആരാധകരെ പൂനെയില്‍ എത്തിക്കാന്‍ വിസില്‍ പോട് എക്‌സ്പ്രസുമായി ചെന്നൈ

  

Last Updated : Apr 19, 2018, 05:00 PM IST
ആരാധകരെ പൂനെയില്‍ എത്തിക്കാന്‍ വിസില്‍ പോട് എക്‌സ്പ്രസുമായി ചെന്നൈ

ചെന്നൈ: ഐപിഎല്ലില്‍ ആരാധകരെ തോളിലേറ്റി സ്‌നേഹം പ്രകടിപ്പിക്കുന്ന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കളിയില്‍ ടീമിന് ലഭിക്കുന്ന ആരാധകരുടെ പിന്തുണയും അത്രത്തോളം തന്നെ വലുതാണ്. 

കാവേരി നദീജലത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചെന്നൈയുടെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയിരുന്നു. ഇതിനാല്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ പൂനെയിലേക്ക് ട്രെയിന്‍ ടിക്കറ്റ് നല്‍കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആരാധകര്‍ക്ക് വേണ്ടി ചെന്നൈയില്‍ നിന്ന് പൂനെ വരെ ഒരു ട്രെയിന്‍ മുഴുവന്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ആയിരത്തോളം ആരാധകര്‍ക്കാണ് ‘വിസില്‍ പോട് എക്‌സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിനില്‍ സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് പൂനെയിലേക്ക് കളി കാണാനെത്തുന്ന ഇവര്‍ക്ക് സൗജന്യ യാത്രയോടൊപ്പം സൗജന്യ താമസവും, ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

ഇതാദ്യമായാണ് ഐപിഎല്ലിലെ ഒരു ടീം മാനേജ്‌മെന്റ് ആരാധകര്‍ക്ക് കളി കാണാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിസില്‍ പോട് എക്‌സ്പ്രസിന്‍റെ ചെറിയ വീഡിയോ ദൃശ്യവും പങ്ക് വെച്ചിട്ടുണ്ട്. എന്തൊക്കെയായാലും ആരാധകര്‍ക്ക് വേണ്ടിയുള്ള ചെന്നൈയുടെ പുതിയ സംരംഭം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

More Stories