#CWG2018: സുവര്‍ണതീരത്ത് അഭിമാനത്തോടെ ഇന്ത്യ; നേടിയത് 66 മെ‍ഡലുകള്‍

ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണ് ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ കാഴ്ച വച്ചത്. 

Last Updated : Apr 15, 2018, 06:28 PM IST
#CWG2018: സുവര്‍ണതീരത്ത് അഭിമാനത്തോടെ ഇന്ത്യ; നേടിയത് 66 മെ‍ഡലുകള്‍

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല താഴുമ്പോള്‍ ഇന്ത്യന്‍ കായികരംഗത്തിന് അഭിമാനിക്കാന്‍ ഒരു പിടി മികച്ച മുഹൂര്‍ത്തങ്ങളാണ് ബാക്കിയാകുനന്ത്. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണ് ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ കാഴ്ച വച്ചത്. 

ഇരുപത്തിയാറ് സ്വര്‍ണം അടക്കം 66 മെഡലുകള്‍ ഇന്ത്യ നേടി. മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങള്‍. 

2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഇതിന് മുന്‍പ് മികച്ച പ്രകടനം ഇന്ത്യ കാഴ്ച വച്ചത്. 38 സ്വര്‍ണം അടക്കം 101 മെഡലുകളായിരുന്നു അന്ന് ഇന്ത്യ നേടിയത്. 2002 ലെ മാഞ്ചെസ്റ്റര്‍ ഗെയിംസിലും ഇന്ത്യ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. 30 സ്വര്‍ണം ഉള്‍പ്പടെ 69 മെഡലുകള്‍ ഇന്ത്യ 2002ല്‍ നേടി. 

കൗമാര പ്രതിഭകളും അനുഭവ പരിചയമുള്ള കായിക പ്രതിഭകളും ഒത്തുചേര്‍ന്ന മികച്ച ടീമായിരുന്നു ഇത്തവണ ഇന്ത്യയുടേത്. അനീഷ് ഭന്‍വാലയും മനു ഭാക്കറും അടങ്ങുന്ന കൗമാര പ്രതിഭകള്‍ കരുത്ത് കാട്ടിയപ്പോള്‍ അനുഭവസമ്പത്തിന്‍റെ തിളക്കത്തില്‍ മേരി കോമും, സൈന നെഹ്വാളും സീമ പുനിയയും സുശീല്‍ കുമാറുമെല്ലാം സ്വര്‍ണമണിഞ്ഞു. അത്ലറ്റിക്സില്‍ തിളക്കം മങ്ങിയെങ്കിലും ഗെയിംസ് ഇനങ്ങളില്‍ ഇന്ത്യ കുതിച്ചു. 

ഷൂട്ടിംഗ്, ഭാരോദ്വഹനം, ബോക്സിംഗ്, ഗുസ്തി എന്നിവയ്ക്കൊപ്പം ഇത്തവണ മെഡല്‍ വാരാന്‍ മുന്നിലുണ്ടായിരുന്നത് ടേബിള്‍ ടെന്നിസും ബാഡ്മിന്‍റണുമായിരുന്നു. ടേബിള്‍ ടെന്നിസില്‍ മനിക ബത്രയുടെ പ്രകടനം എടുത്ത് പറയേണ്ടതുണ്ട്. ഗെയിംസില്‍ ഒരു ഇന്ത്യന്‍ താരം ഇതുവരെ നേടിയതില്‍ വച്ച് റെക്കോര്‍ഡ് നേട്ടമാണ് മനിക ബത്ര സ്വന്തമാക്കിയത്. വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലും സ്വര്‍ണവും വനിതാ ഡബിള്‍സില്‍ വെള്ളിയും മിക്സ്ഡ് ഡബിള്‍സില്‍ വെങ്കലും മനിക ബത്ര സ്വന്തമാക്കി. രണ്ട് സ്വര്‍ണം ഉള്‍പ്പടെ നാല് മെഡലുകള്‍. 

മികച്ച പ്രകടനം കാഴ്ച വച്ചപ്പോളും രണ്ട് ഇന്ത്യന്‍ താരങ്ങളെ ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ദീര്‍ഘദൂര നടത്തക്കാരന്‍ കെ.ടി ഇര്‍ഫാനും ട്രിപിള്‍ ജമ്പര്‍ രാകേഷ് ബാബുവുമാണ് മുറിയില്‍ സിറിഞ്ച് കണ്ടെത്തിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ടത്. ഇരുവരും പരിശോധനയില്‍ മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് കണ്ടെത്തിയെങ്കിലും ഫെഡറേഷന്‍റെ നടപടി ഇന്ത്യന്‍ സംഘത്തിന് ആഘാതമായി. 

Trending News