close

News WrapGet Handpicked Stories from our editors directly to your mailbox

ധോണി ലോകകപ്പ് കളിക്കുന്നത് പാക്കിസ്ഥാന് വേണ്ടി?

ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രത്യക്ഷപ്പെടുക രണ്ടു നിറത്തിലുള്ള ജെഴ്സി അണിഞ്ഞാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. 

Updated: May 25, 2019, 04:54 PM IST
ധോണി ലോകകപ്പ് കളിക്കുന്നത് പാക്കിസ്ഥാന് വേണ്ടി?

ലണ്ടന്‍: ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രത്യക്ഷപ്പെടുക രണ്ടു നിറത്തിലുള്ള ജെഴ്സി അണിഞ്ഞാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. 

നീല നിറത്തിനൊപ്പം ഓറഞ്ച് നിറത്തിലുള്ള ജെഴ്സികളും ടീം അണിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍, ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഏറെ ഞെട്ടിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലാകെ കറങ്ങി നടക്കുന്നത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയാണ്.  

റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ച ഓറഞ്ച് ജെഴ്സിയിലോ നീല ജെഴ്സിയിലോ അല്ല ധോണിയുടെ പേര് എന്നതാണ് ഏറെ ശ്രദ്ധേയം.  ഇന്ത്യന്‍ ജെഴ്സിയ്ക്ക് പകര൦ പാക്കിസ്ഥാന്‍റെ ജെഴ്സിയിലാണ് ധോണിയുടെ പേരും ഏഴാം നമ്പരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

പാക്കിസ്ഥാന്‍റെ പുതിയ ഔദ്യോഗിക ലോകകപ്പ് ജേഴ്‌സിയിലാണ് ധോണിയുടെ പേരും ഏഴാം നമ്പറും പ്രിന്‍റ് ചെയ്തിരിക്കുന്നത്.  പാക് സ്വദേശിയും ധോണിയുടെ കടുത്ത ആരധകനുമായ ഷെഹ്‌സാദ് ഉള്‍ ഹസ്സന്‍ എന്ന യുവാവാണ് ഇതിന്‍റെ പിന്നില്‍. 

ഹസ്സന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍, പാക്കിസ്ഥാന്‍ ജേഴ്‌സിയില്‍ മുന്‍ ക്യാപ്റ്റന്റെ പേരുകണ്ട ഇന്ത്യക്കാര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയെന്നു മാത്രമല്ല വിവിധ തരത്തില്‍ പ്രതികരണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.  

ചിലര്‍ സൗഹൃദത്തോടെയാണ് ഹസ്സന്‍റെ ഈ പ്രവൃത്തിയോട് പ്രതികരിച്ചത്.ചിലരാകട്ടെ, ഈ തവണ ധോണി ലോകകപ്പ് കളിയ്ക്കുന്നത് പാക്കിസ്ഥാന് വേണ്ടിയാണോ, ഇന്ത്യയ്ക്ക് എന്തിനാണ് പാക് ജെഴ്സി തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. 

മെയ്‌ 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. ജൂണ്‍ 16-ന് ഓള്‍ഡ് ട്രാഫോഡിലാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം.