ജിംനാസ്റ്റിക്സ് റിങ്ങിൽ ചരിത്രം തിരുത്തിക്കുറിച്ച് ദീപ കർമാക്കർ

  

Updated: Jul 9, 2018, 11:49 AM IST
ജിംനാസ്റ്റിക്സ് റിങ്ങിൽ ചരിത്രം തിരുത്തിക്കുറിച്ച് ദീപ കർമാക്കർ

ന്യൂഡൽഹി: രണ്ടും വർഷത്തിനുശേഷം ജിംനാസ്റ്റിക്സ് റിങ്ങിൽ തിരിച്ചെത്തിയ ഇന്ത്യയുടെ ദീപ കർമാക്കർക്ക് ചരിത്രം തിരുത്തിക്കുറിച്ച് സ്വർണം നേടി. ജിംനാസ്റ്റിക്സ് റിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യാക്കാരിയാണ്‌ ദീപ. തുർക്കിയിലെ മെർസിനിൽ നടന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വേൾഡ് ചാലഞ്ച് കപ്പിലെ വോൾട്ട് ഇനത്തിലാണ് ദീപ സ്വർണം നേടിയത്.

14.150 പോയിന്റോടെയാണ് ദീപ സ്വർണം സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടിൽ 13.400 പോയിന്റാണ് ദീപ നേടിയത്. ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വർണമാണിത്. 2016 റിയോ ഒളിംപിക്സിൽ ദീപയ്ക്ക് നാലാമതെത്താനെ കഴിഞ്ഞുള്ളൂ.

ആദ്യ ശ്രമത്തിൽ 5.400 ഡിഫികൽറ്റി പോയിന്റും 8.700 എക്സിക്യൂഷൻ പോയിന്റും അടക്കമാണ് 14.100 പോയിന്റ് നേടിയത്. രണ്ടാം ശ്രമത്തിൽ 14.200 (5.600+8.600) പോയിന്റുമാണ് നേടിയത്.

ഇൻഡൊനീഷ്യയുടെ റിഫ്ദ ഇർഫാനാലുത്ഫി 13.400 പോയിന്റുമായി വെള്ളിയും തുർക്കിയുടെ ഗോക്സു സാൻലി 13.200 പോയിന്റുമായി വെങ്കലവും നേടി. പരിക്ക് മൂലം ദീപ കർമാകർ രണ്ടു വർഷമായി മത്സരരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു.

ഈ നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി സുരേഷ് പ്രഭു, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേബ് എന്നിവര്‍ ദീപ കർമാക്കറെ അഭിനന്ദിച്ചു.