Video: പ്രസിഡന്‍റായാല്‍ ഇങ്ങനെ വേണം, കോളിന്‍ഡയുടെ ആവേശം വേറെ ലെവല്‍

ആദ്യ ഗോളടിച്ച റഷ്യയ്‌ക്കെതിരെ മറുപടി ഗോളടിച്ചപ്പോള്‍ കോളിന്‍ഡ വിഐപി ബോക്‌സിലിരുന്ന് തുള്ളിച്ചാടി. 

Last Updated : Jul 17, 2018, 12:56 PM IST
Video: പ്രസിഡന്‍റായാല്‍ ഇങ്ങനെ വേണം, കോളിന്‍ഡയുടെ ആവേശം വേറെ ലെവല്‍

ലോകകപ്പിന് പോകുന്ന ടീമിനെ ഒരു രാജ്യം എങ്ങനെ പിന്തുണയ്ക്കണം എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ് ക്രൊയേഷ്യന്‍ പ്രസിഡന്‍റ് കോളിന്‍ഡ ഗ്രാബര്‍ കിറ്റാറോവിച്ച്.
 
റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ കിരീടം ഫ്രഞ്ച് നിര സ്വന്തമാക്കിയെങ്കിലും ഉടനീളം പൊരുതി ജയിച്ച ക്രൊയേഷ്യന്‍ നിരയെ വാഴ്ത്തുകയാണ് ലോകം. 

എന്നാല്‍, റഷ്യയില്‍ നടന്ന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇരു രാജ്യങ്ങളുടെയും കളിക്കാരെക്കാള്‍ കൂടുതല്‍ ശ്രദ്ധ നേടിയത് മറ്റൊരു താരമാണ്. ക്രൊയേഷ്യന്‍ പ്രസിഡന്‍റ് കോളിന്‍ഡ ഗ്രാബര്‍ കിറ്ററോവിച്ചാണ് ആ താരം.

റഷ്യന്‍ വേദിയില്‍ ക്രൊയേഷ്യന്‍ മത്സരങ്ങള്‍ നടക്കുമ്പോഴെല്ലാം വെള്ളയും ചുവപ്പും നിറത്തിലുള്ള ജഴ്‌സി അണിഞ്ഞ് ഗ്യാലറിയില്‍ സജീവ കേന്ദ്രമായിരുന്നു പ്രസിഡന്‍റ്.  

ഫൈനലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഫ്രഞ്ച് നിരയോട് തോല്‍വി വഴങ്ങിയപ്പോള്‍ തകര്‍ന്നുപോയ ക്രൊയേഷ്യന്‍ ടീമംഗങ്ങളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന കോളിന്‍ഡയുടെ ചിത്രങ്ങള്‍ അത്ഭുതത്തോടെയാണ് ലോകം കണ്ടത്.

ആദ്യ ഗോളടിച്ച റഷ്യയ്‌ക്കെതിരെ മറുപടി ഗോളടിച്ചപ്പോള്‍ ഇവര്‍ വിഐപി ബോക്‌സിലിരുന്ന് തുള്ളിച്ചാടി. ഒരിക്കലും തളരാത്ത ക്രൊയേഷ്യന്‍ വീര്യത്തിന്‍റെ പ്രതീകമായ കോളിന്‍ഡക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. 

റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്, ക്രൊയേഷ്യന്‍ ഇതിഹാസവും, ഇപ്പോള്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റുമായ ഡെവോര്‍ സൂക്കര്‍ എന്നിവരെ സാക്ഷിയാക്കിയാണ് ഇവര്‍ സ്വന്തം ടീമിന്‍റെ ഗോളാഘോഷം ഗംഭീരമാക്കിയത്.

എല്ലാവിധ തിരക്കുകളും ഒഴിവാക്കിയാണ് ലൂക്കാ മാഡ്രിച്ചിന്‍റെയും കൂട്ടരുടെയും കളി നേരില്‍ കണ്ട് ആസ്വദിക്കുവാന്‍ ക്രൊയേഷ്യന്‍ പ്രസിഡന്‍റ് റഷ്യയിലെത്തിയത്. പെനാല്‍റ്റിയിലൂടെ ആതിഥേയരെ തോല്‍പ്പിച്ച ടീമിന്‍റെ ഡ്രസിങ് റൂമില്‍ ചെന്ന് താരങ്ങള്‍ക്കൊപ്പം ആവേശം പങ്കിടാനും ഇവര്‍ മറന്നില്ല.

കളിക്കാരുടെ തോളുകളില്‍ പിടിച്ച് തുള്ളിച്ചാടുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.50 കാരിയായ കോളിന്‍ഡ ക്രൊയേഷ്യയുടെ പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ്.

ഡെന്മാര്‍ക്കിനെതിരായ ക്രൊയേഷ്യയുടെ മത്സരത്തിന് മുന്‍പ് തന്നെ കൊളിന്‍ഡ റഷ്യയിലെത്തിയിരുന്നു. വിമാനത്തില്‍ എക്കോണമി ക്ലാസില്‍ യാത്ര ചെയ്ത അവര്‍ മറ്റ് യാത്രികരോടൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഡെന്മാര്‍ക്കിനെതിരായ മത്സരത്തിലും ക്രൊയേഷ്യന്‍ ജേഴ്‌സി അണിഞ്ഞെത്തിയ അവര്‍ ഗാലറിയിലിരുന്നായിരുന്നു കളി കണ്ടത്. 

Trending News