ലോകകപ്പ് ഫുട്ബോളില്‍ രണ്ട് സൂപ്പര്‍ പോരാട്ടങ്ങള്‍ക്കാണ് റഷ്യ ഇന്ന് വേദിയാകുന്നത്. ഗ്രൂപ്പ് ഇയില്‍ മഞ്ഞപ്പട സ്വിറ്റ്സര്‍ലന്‍ഡിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഗ്രൂപ്പ് എഫില്‍ ജര്‍മ്മനിയും മെക്‌സിക്കോയും തമ്മിലാണ് പോരാട്ടം.
ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ജര്‍മ്മനി- മെക്‌സിക്കോ മത്സരം. കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനായി ജര്‍മ്മനി ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്‍റെ കരുത്തില്‍ മെക്‌സിക്കോയും ബൂട്ടുകെട്ടുന്നു.
ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ നയിക്കുന്ന ജര്‍മ്മന്‍ ടീം പ്രതിഭാധനരാല്‍ സമ്പന്നമാണ്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാവിയര്‍ ഫെര്‍ണാണ്ടസിലും ക്യാപ്റ്റന്‍ ആന്ദ്രേസ് ഗ്വര്‍ദാദോയിലുമാണ് മെക്‌സിക്കന്‍ പ്രതീക്ഷ.
യുവാന്‍ കാര്‍ലോസ് ഓസോരിയ എന്ന മെക്സിക്കന്‍ പരിശീലകന്‍റെ തന്ത്രങ്ങള്‍ ജര്‍മ്മനിയുടെ ജോക്വിം ലോയുടെ തന്ത്രങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതാണ് ഇനി അറിയേണ്ടത്.
ലോകകപ്പ് ഫുട്‌ബോളിലെ ആദ്യമത്സരത്തില്‍ ഇന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ബ്രസീല്‍. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ബ്രസീല്‍- സ്വിറ്റ്സര്‍ലന്‍ഡ് മത്സരം. ആല്‍വ്‌സും ഫ്രെഡും ഇല്ലാതെയാണ് ബ്രസീല്‍ ഇറങ്ങുന്നത്.
മോസ്കോയിലെ റോസ്ടോവ് അറീനയില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍താരം നെയ്മര്‍ ഉണ്ടാകുമോ എന്ന ആശങ്കയിലുമാണ് മഞ്ഞപ്പടയുടെ ആരാധകര്‍.