ഐസിസിയുടെ തന്ത്രം: ലോകകപ്പില്‍ ഒത്തുകളി നടക്കില്ല!!

ഒരു മാസം നീണ്ട ഫുട്ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കളിയാവേശത്തിന് അരങ്ങൊരുങ്ങുകയാണ്. 

Updated: May 16, 2019, 07:03 PM IST
ഐസിസിയുടെ തന്ത്രം: ലോകകപ്പില്‍ ഒത്തുകളി നടക്കില്ല!!

ലണ്ടന്‍: ഒരു മാസം നീണ്ട ഫുട്ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കളിയാവേശത്തിന് അരങ്ങൊരുങ്ങുകയാണ്. 

2018ലെ ഫുട്ബോള്‍ ലോകകപ്പിന് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് 2019ലെ ക്രിക്കറ്റ് ലോകകപ്പിന് വേണ്ടിയാണ്. 

എന്നാല്‍, ലോകകപ്പ് മത്സരങ്ങളില്‍ ഒത്തുകളി ഒഴിവാക്കാനായി പുതിയ തന്ത്രവുമായി ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി).

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ മുതല്‍ അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകള്‍ക്കൊപ്പവും സ്ഥിരമായി ഉണ്ടായിരിക്കും. 

ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ തന്നെ താമസിക്കുന്ന ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി അവരെ നിരീക്ഷിക്കുമെന്നും പരിശീലന വേദികളിലേക്ക് അടക്കം താരങ്ങള്‍ക്കൊപ്പം എത്തുമെന്നും ഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. 

ആദ്യമായാണ് ഐസിസി ഇത്തരത്തില്‍ കര്‍ശനമായ ക്രമീകരണം ലോകകപ്പില്‍ ഏര്‍പ്പെടുത്തുന്നത്. മുന്‍പ്  മത്സരം നടക്കുന്ന വേദികളിലായിരുന്നു ഐസിസിയുടെ അഴിമതിവിരുദ്ധ സമിതി പ്രതിനിധിയുണ്ടാവുക. 

എന്നാല്‍ വാതുവയ്പ്പ് മാഫിയയുടെ പ്രതിനിധികള്‍, താരങ്ങളെ സമീപിക്കാതിരിക്കാനായാണ് ഇത്തരത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതെന്ന് ഐസിസി വ്യക്തമാക്കി. 

ടീമുകള്‍ക്കൊപ്പം സ്ഥിരം പ്രതിനിധിയെ അയക്കുന്നതോടെ കളിക്കാര്‍ക്ക് ആശയവിനിമയം നടത്താന്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. 

2019 മേയ് 30 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന ലോകകപ്പിന് വേദിയൊരുക്കുന്നത് ഇംഗ്ലണ്ടും വെയ്ല്‍സുമാണ്. പത്ത് ടീമുകളാണ് ലോകകപ്പില്‍ പങ്കെടുന്നത്.