അഫ്ഗാനെതിരെ ഓസീസിന് തകര്‍പ്പന്‍ വിജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.2 ഓവറില്‍ 208ന് എല്ലാവരും പുറത്തായി.  

Last Updated : Jun 2, 2019, 09:13 AM IST
അഫ്ഗാനെതിരെ ഓസീസിന് തകര്‍പ്പന്‍ വിജയം

ബ്രിസ്റ്റോള്‍: അഫ്ഗാനെ തകര്‍ത്ത് ലോകകപ്പില്‍ തുടക്കം കുറിച്ച് ഓസ്ട്രേലിയ. ഏഴു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ തകര്‍പ്പന്‍ വിജയം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.2 ഓവറില്‍ 208ന് എല്ലാവരും പുറത്തായി. ഓസീസ് 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ 114 പന്തില്‍ പുറത്താവാതെ എടുത്ത 89 റണ്‍സും, ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ 66 റണ്‍സുമാണ് ഓസീസിന് ജയമൊരുക്കിയത്. 

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ വാര്‍ണറുടെ ഇന്നിങ്‌സായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്‌സ്. എട്ട് ഫോറുകളുടെ സഹായത്തോടെയാണ് വാര്‍ണര്‍ 89 റണ്‍സെടുത്തത്. വാര്‍ണറുടെ കൂടെ വിലക്കിലായിരുന്ന മറ്റൊരു താരം സ്റ്റീവ് സ്മിത്ത് 18 റണ്‍സെടുത്ത് പുറത്തായി. 

ഫിഞ്ചിനും സ്മിത്തിനും പുറമെ ഉസ്മാന്‍ ഖവാജയാണ് 18 റന്‍സ് എടുത്ത് പുറത്തായ മറ്റൊരു താരം. ഗ്ലെന്‍ മാക്‌സവെല്‍ 4 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. അഫ്ഗാന് വേണ്ടി മുജീബ് റഹ്മാന്‍, ഗുല്‍ബാദിന്‍ നെയ്ബ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നജീബുള്ള സദ്രാന്‍ (51), റഹ്മത്ത് ഷാ (43), ഗുല്‍ബാദിന്‍ നൈബ്(31), റാഷിദ് ഖാന്‍ (27) എന്നിവരുടെ ഇന്നിങ്‌സാണ് അഫ്ഗാനെ 200 കടത്തിയത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 

ഓസീസിനായി സ്പിന്നര്‍ ആഡം സാംപയും പേസര്‍ പാറ്റ് കമ്മിന്‍സും മൂന്ന് വീതവും സ്റ്റോയിനിസ് രണ്ടും സ്റ്റാര്‍ക് ഒരു വിക്കറ്റും വീഴ്ത്തി.

Trending News