ദുബായ്: ചാമ്പ്യൻസ് ട്രോഫി ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റൺസിൻ്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 264 റൺസിന് പുറത്തായി. തുടർച്ചയായ 14ാം തവണയാണ് ഇന്ത്യൻ ടീമിന് ഏകദിനത്തിൽ ടോസ് നഷ്ടമാകുന്നത്. സ്റ്റീവ് സ്മിത്തിൻ്റെയും അലക്സ് ക്യാരിയുടെയും അർധ സെഞ്ച്വറികളാണ് ഓസീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഓസ്ട്രേലിയൻ സ്കോർബോർഡ് നാല് റൺസിൽ നിൽക്കെ ഓപ്പണർ കൂപ്പർ കൊണോലിയുടെ വിക്കറ്റ് മുഹമ്മദ് ഷമി വീഴ്ത്തി. മൂന്നാമത്തെ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന് ക്യാച്ച് നൽകിയാണ് കൊണോലി പൂജ്യത്തിന് പുറത്തായത്. വൺ ഡൗണായി ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനൊടൊപ്പം ചേർന്ന് ട്രാവിസ് ഹെഡ് ഓസീസ് സ്കോർ മുന്നോട്ട് നയിച്ചു. 50 റൺസിൻ്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. ഐസിസി ടൂർണമെൻ്റുകളിൽ ഉൾപ്പെടെ ഇന്ത്യക്ക് സ്ഥിരം തലവേദനയാകുന്ന താരമാണ് ട്രാവിസ് ഹെഡ്. ഇന്നും മികച്ച രീതിയിൽ കളിച്ചുവന്ന ട്രാവിസ് ഹെഡിനെ ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ആദ്യ പന്തിൽ തന്നെ പുറത്താക്കി. ഇന്ത്യൻ പേസർമാരെ അനായാസം കളിച്ച ഹെഡ് 33 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 39 റൺസെടുത്താണ് മടക്കം. ഹെഡിൻ്റെ വിക്കറ്റ് നഷ്ടമായത് ഓസ്ട്രേലിയയുടെ സ്കോറിങ്ങിനെ സാരമായി ബാധിച്ചു. ഹെഡ് പുറത്തായ ശേഷം 50 പന്തുകളിൽ ഓസ്ട്രേലിയക്ക് ബൗണ്ടറി നേടാനായില്ല.
നാലാം വിക്കറ്റിൽ സ്മിത്തും ലബുഷെയ്നും സ്കോർ പതിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ജഡേജ ലബുഷെയ്നെ (29) വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് ക്രീസിലെത്തിയ ജോഷ് ഇംഗ്ലിസിന് 11 റൺസ് മാത്രമാണ് നേടാനായത്. ഇംഗ്ലിസിനെ ജഡേജ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. അഞ്ചാം വിക്കറ്റിൽ സ്മിത്തിനോടൊപ്പം അലക്സ് ക്യാരി കൂടി ചേർന്നതോടെ ഓസീസ് വീണ്ടും താളം കണ്ടെത്തി. 54 റൺസാണ് സ്മിത്ത് - ക്യാരി സഖ്യം നേടിയത്. എന്നാൽ 37ാം ഓവറിൽ സ്കോർ 198ൽ നിൽക്കെ സ്മിത്തിനെ ക്ലീൻ ബൗൾഡാക്കി ഷമി കൂട്ടുകെട്ട് തകർത്തു. 96 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 73 റൺസാണ് സ്മിത്ത് നേടിയത്. ശേഷം ക്രീസിലെത്തിയ മാക്സ്വെല്ലിനെ (7) അക്ഷർ പട്ടേലും ബെൻ ഡ്വാർഷുസിനെ (19) വരുൺ ചക്രവർത്തിയെയും പുറത്താക്കി. സ്മിത്തിൻ്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം അലക്സ് ക്യാരിക്ക് മികച്ച കൂട്ടുകെട്ട് കിട്ടിയില്ലെങ്കിലും 57 പന്തിൽ 61 റൺസ് നേടി ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് ക്യാരി എത്തിച്ചു. ആദം സാംപ (ഏഴ്), നഥാൻ എല്ലിസ് (പത്ത്) എന്നിവർ കൂടി പുറത്തായതോടെ ഓസ്ട്രേലിയൻ ഇന്നിങ്സ് 264 റൺസിൽ അവസാനിച്ചു.
ഇന്ത്യക്ക് വേണ്ടി പേസർ മുഹമ്മദ് ഷമി മൂന്നും സ്പിന്നർമാരായ വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. ഹാർദ്ദിക് പാണ്ഡ്യയും അക്സർ പട്ടേലും ഓരോ വിക്കറ്റുകളും നേടി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇന്ന് ഇറങ്ങിയത്. പരിക്കേറ്റ മാത്യൂ ഷോർട്ടിന് പകരം കൂപ്പർ കൊണോലിയും സ്‌പെൻസൺ ജോൺസണ് പകരം തൻവീർ സംഗയും ടീമിലെത്തി. സ്പിന്നർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാരുമായിട്ടാണ് ഓസീസ് ഇറങ്ങിയത്. അതേസമയം ഇന്ത്യ ന്യൂസിലൻഡിനെതിരെ കളിച്ച ടീമിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. നാല് സ്പിന്നർമാരാണ് ടീമിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









