ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ!

ഇന്ത്യ ഉയർത്തിയ 343 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാനിറങ്ങിയ ബംഗ്ലാദേശ് 213 റൺസിന് പുറത്താവുകയായിരുന്നു.   

Ajitha Kumari | Updated: Nov 16, 2019, 05:32 PM IST
ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ!

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.  

രണ്ടു ദിവസംകൂടി ബാക്കി നില്‍ക്കെ ഇന്നിംഗ്സിനും 130 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 343 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാനിറങ്ങിയ ബംഗ്ലാദേശ് 213 റൺസിന് പുറത്താവുകയായിരുന്നു. 

നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനുമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

മൂന്നാം ദിനത്തിന്‍റെ തുടക്കത്തിൽ തന്നെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതോടെ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് തുടക്കത്തിൽതന്നെ പതറുകയായിരുന്നു. 64 റൺസെടുത്ത മുഷ്ഫിക്കർ റഹീമും 38 റൺസെടുത്ത മെഹ്ദി ഹസനും 35 റൺസെടുത്ത ലിറ്റൺ ദാസുമാണ് അൽപ്പമെങ്കിലും പൊരുതിയത്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 493 റൺസ് നേടിയത്. ഇരട്ട സെഞ്ച്വറി നേടിയ ഓപ്പണര്‍ മയങ്ക് അഗര്‍വാളിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

കരിയറിലെ എട്ടാമത്തെ ടെസ്റ്റ് മത്സരത്തിനിറങ്ങിയ മയങ്ക് രണ്ടാം ഇരട്ട സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇതിനൊപ്പം തന്‍റെ വ്യക്തിഗത സ്‌കോറും മയങ്ക് തിരുത്തിക്കുറിച്ചു.