ബുംറ തിളങ്ങി; കരീബിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം

ബുംറയുടെ കിടിലന്‍ പന്തുകള്‍ക്ക് മുന്നിലാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്. അഞ്ച് മുന്‍നിര വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്.  

Last Updated : Aug 26, 2019, 07:51 AM IST
ബുംറ തിളങ്ങി; കരീബിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം

ആന്റിഗ്വ: ബാറ്റിങ്ങും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ തിളങ്ങിയപ്പോള്‍ കരീബിയന്‍ ടീമിന്‍റെ പോരാട്ടം 100 റണ്‍സില്‍ അവസാനിച്ചു. 

ആന്റിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ 318 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 419 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കരീബിയന്‍ ടീമിന്‍റെ പോരാട്ടം 100 റണ്‍സില്‍ അവസാനിച്ചു. 

ബുംറയുടെ കിടിലന്‍ പന്തുകള്‍ക്ക് മുന്നിലാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്. അഞ്ച് മുന്‍നിര വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്. ഇഷാന്ത് മൂന്നും ഷമി രണ്ട് വിക്കറ്റുമായി വിന്‍ഡീസിന്‍റെ പതനം പൂര്‍ത്തിയാക്കി.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിനായി ചെയ്സും റോച്ചും കമ്മിന്‍സും മാത്രമാണ് രണ്ടക്കം കടന്നത്. ബ്രാത്ത്‌വെയ്റ്റ്, കാംപ്‌ബെല്‍, ബ്രാവോ, ഹോപ്, ഹോള്‍ഡര്‍ എന്നിവരെ ബുമ്രയും ബ്രൂക്ക്‌സ്, ഹെറ്റ്മെയര്‍, റോച്ച്,എന്നിവരെ ഇശാന്തും ചെയിസ്, ഗബ്രിയേല്‍ എന്നിവരെ ഷമിയും മടക്കി.

വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന്‍ ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് 15 റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ തോല്‍വി മുന്നില്‍ കണ്ടിരുന്നു. 

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 343 റണ്‍സ് എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്താണ് 419 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ട് വച്ചത്. രഹാനെ സെഞ്ചുറിയും(102) വിഹാരിയും (93), കോലിയും(51) അര്‍ധ സെഞ്ചുറിയും നേടി. വിന്‍ഡീസിനായി ചേസ് നാല് വിക്കറ്റ് വീഴ്‌ത്തി.

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 185 റണ്‍സെന്ന നിലയില്‍ നാലാം ദിനമാരംഭിച്ച ഇന്ത്യക്ക് നായകന്‍ വിരാട് കോലിയെയാണ് ആദ്യം നഷ്ടമായത്. 113 പന്തില്‍ 51 റണ്‍സെടുത്ത കോലിയെ ചേസ്, കോംപ്‌ബെല്ലിന്‍റെ കൈകളിലെത്തിച്ചു. 

പത്താം ടെസ്റ്റ് സെഞ്ചുറിനേടിയ രഹാനെയും അര്‍ധ സെഞ്ചുറിയുമായി വിഹാരിയും ഇന്ത്യയെ കൂറ്റന്‍ ലീഡിലെത്തിക്കുകയായിരുന്നു. സെഞ്ചുറിക്ക് പിന്നാലെ 102 ല്‍ നില്‍ക്കേ രഹാനെയെ ഗബ്രിയേല്‍ പുറത്താക്കി. പിന്നാലെ വന്ന ഋഷഭ് പന്തിന് തിളങ്ങാനുമായില്ല.

Trending News