ടി20: പരമ്പര നഷ്ടപ്പെട്ട് ഇന്ത്യ

ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 4 റണ്‍സ് തോല്‍വി. 2-1ന് ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കി.

Updated: Feb 10, 2019, 05:04 PM IST
ടി20: പരമ്പര നഷ്ടപ്പെട്ട് ഇന്ത്യ

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 4 റണ്‍സ് തോല്‍വി. 2-1ന് ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കി.

ടോസ് നേടി എതിരാളികളെ ബാറ്റി൦ഗിനയച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനത്തെ വെല്ലുവിളിക്കുന്ന പ്രകടനമാണ് ന്യൂസീലാന്‍ഡ് കാഴ്ച്ചവെച്ചത്. 

നിശ്ചിത 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് കിവീസ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നെങ്കിലും 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും (33), കൃണാല്‍ പാണ്ഡ്യയും (26) മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യ 4 റണ്‍സിന് തോല്‍വി വഴങ്ങുകയായിരുന്നു. നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താനാകാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 

ന്യൂസീലന്‍ഡിന് സെയ്ഫേര്‍ട്ടും മണ്‍റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണി൦ഗ് വിക്കറ്റില്‍ 7.4 ഓവറില്‍ 80 റണ്‍സ് അടിച്ചെടുത്തു. സെയ്ഫേര്‍ട്ട് 25 പന്തില്‍ 43 റണ്‍സ് അടിച്ചപ്പോള്‍ 40 പന്തില്‍ 72 റണ്‍സായിരുന്നു മണ്‍റോയുടെ സമ്പാദ്യം. 

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് മാത്രമാണ് ഇന്ത്യന്‍ ബൗളി൦ഗില്‍ മികച്ചു നിന്നത്. അതോടൊപ്പം ക്യാച്ചുകള്‍ കൈവിട്ട് ഫീല്‍ഡര്‍മാരും ന്യൂസീലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലെത്താന്‍ 'സഹായിച്ചു'.