തിരിച്ചുവരവില്‍ തിളങ്ങി ഷമി, ചേതന്‍ ശര്‍മ്മയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരം!!

ഇന്നലെ നടന്ന ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരം എന്തുകൊണ്ടും വേറിട്ട ഒരു മത്സരമായിരുന്നു.

Last Updated : Jun 23, 2019, 09:45 AM IST
തിരിച്ചുവരവില്‍ തിളങ്ങി ഷമി, ചേതന്‍ ശര്‍മ്മയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരം!!

റോസ് ബോള്‍ ക്രിക്കറ്റ് ഗ്രൗണ്ട്: ഇന്നലെ നടന്ന ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരം എന്തുകൊണ്ടും വേറിട്ട ഒരു മത്സരമായിരുന്നു.

വീര്യം കുറഞ്ഞവര്‍ എന്നറിയപ്പെടുന്നവര്‍ കടുത്ത പോരാളികളാവുന്ന കാഴ്ചയായിരുന്നു ഇന്നലത്തെ ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ കാണാനിടയായത്‌.

ലോകകപ്പിലെ ഏറ്റവും രോമാഞ്ചകരമായ മത്സരത്തില്‍ താരമായത് മുഹമ്മദ്‌ ഷമി തന്നെയായിരുന്നു. ഭൂവനേശ്വര്‍ കുമാറിന് പരിക്കേറ്റത് കൊണ്ട് മാത്രം കളിക്കാന്‍ അവസരം ലഭിച്ച ഷമി തന്‍റെ കഴിവ് തെളിയിക്കുക മാത്രമല്ല നാണം കെട്ട തോല്‍വിയിലേക്ക് പോകുമായിരുന്ന ഇന്ത്യന്‍ ടീമിനെ കൈപിടിച്ചുയര്‍ത്തുക കൂടിയായിരുന്നു.

കൂടാതെ, തിരിച്ചുവരവില്‍ ചരിത്രം കുറിയ്ക്കാനുള്ള ഭാഗ്യവും ഷമിയ്ക്ക് ലഭിച്ചു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് ആണ് 29കാരനായ ഷമി തന്‍റെ പേരില്‍ കുറിച്ചത്.

റോസ് ബോള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഷമി നേടിയ ഹാട്രിക് ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ ഹാട്രിക് പ്രകടനമാണ്. 1987ല്‍ ന്യൂസിലൻഡിനെതിരെ ഹാട്രിക് നേടിയ ചേതന്‍ ശര്‍മയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരവും ആദ്യ ഇന്ത്യക്കാരനും. 
ഷമി നേടിയത് ലോകകപ്പ് ചരിത്രത്തിലെ പത്താമത്തെ ഹാട്രിക്കാണ്.

ലോകകപ്പിൽ ഹാട്രിക് നേട്ടം കൈവരിച്ചവര്‍: സഖ്‌ലിന്‍ മുഷ്താഖ് (1999), ചാമിന്ദ വാസ് ( 2003, ബ്രെറ്റ് ലീ (2003), ലസിത് മലിംഗ ( 2007, 2011), കെമര്‍ റോഷ് ( 2011), സ്റ്റീവ് ഫിന്‍ (2015), ജെ.പി. ഡു (2015)

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും മനസ്സില്‍ ഓമനിക്കാം ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരത്തിലെ ശമിയുടെ അവസാന ഓവര്‍. 
അവസാന ഓവറില്‍ ഷമി ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ അഫ്ഗാന് ജയിക്കാന്‍ 16 റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ മുഹമ്മദ് നബി അദ്ദേഹത്തെ ബൗണ്ടറിയ്ക്ക് പറത്തിയെങ്കിലും അടുത്ത പന്തില്‍ ആത്മവിശ്വാസം കണ്ടെത്തിയ താരം നബിയ്ക്ക് റണ്‍ വിട്ടു നല്‍കിയില്ല. പിന്നീട് മൂന്നും നാലും അഞ്ചും പന്തുകളിലാണ് ഷമി ഹാട്രിക് നേടിയത്. കനത്ത വെല്ലുവിളി ഉയർത്തിയ മുഹമ്മദ് നബിയെ അവസാന ഓവറിലെ മൂന്നാം പന്തിൽ ഷമി മടക്കി അയച്ചതാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്.

കാണികളിൽ ആവേശം വിതറിയ ഒരു ത്രില്ലര്‍ പോരാട്ടമായിരുന്നു ഇന്ത്യ അഫ്ഗാൻ മത്സരം. ഇന്ത്യ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട മത്സരമായിരുന്നു ഇന്നലത്തേത്. പക്ഷെ അയല്‍ക്കാരെ വിറപ്പിക്കുന്ന പ്രകടനമാണ് അഫ്ഗാന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. 

ലോകകപ്പിലെ ഇന്ത്യയുടെ എണ്‍പതാമത്തെ മത്സരവും അമ്പതാമത്തെ ജയമായിരുന്നു ഇന്നലത്തേത്. 

 

More Stories

Trending News