കിവികളെ കൂട്ടിലാക്കി നീലപ്പട; ഏകദിന പരമ്പര ഇന്ത്യക്ക്!!

ഏഴ് വിക്കറ്റ് നേട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനം കൈപിടിയിലൊതുക്കി ഇന്ത്യ!!

Last Updated : Jan 28, 2019, 03:45 PM IST
കിവികളെ കൂട്ടിലാക്കി നീലപ്പട; ഏകദിന പരമ്പര ഇന്ത്യക്ക്!!

ബേ ഓവല്‍: ഏഴ് വിക്കറ്റ് നേട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനം കൈപിടിയിലൊതുക്കി ഇന്ത്യ!!

ഇതോടെ 5 ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ആദ്യ മൂന്നെണ്ണം വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ന്യൂസിലന്‍ഡില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. 

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. 

244 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് 39 റണ്‍സിനിടയില്‍ ഓപ്പണര്‍ ശിഖര്‍ ധവനെ നഷ്ടപ്പെട്ടു. 27 പന്തില്‍ 28 റണ്‍സായിരുന്നു ധവന്‍ അടിച്ചുകൂട്ടിയത്. 

തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും. അവിസ്മരണീയമായ ഈ കൂട്ടുകെട്ട് 113 റണ്‍സ് പടുത്തുയര്‍ത്തി. രോഹിതിനെ 29-ാം ഓവറില്‍ 62ല്‍ നില്‍ക്കേ സാന്‍റ്നര്‍ ലഥാമിന്‍റെ കൈകളില്‍ എത്തിച്ചപ്പോള്‍ കോലിയെ(60), 32-ാം ഓവറില്‍ ബോള്‍ട്ട് പുറത്താക്കി. ഇതോടെ ഇന്ത്യ  മൂന്നിന് 168. 

കാര്‍ത്തിക് 38 റണ്‍സുമായും റായുഡു 40 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 42 പന്തുകള്‍ ബാക്കിനില്‍ക്കേ നീലപ്പട ജയത്തിലെത്തി. കിവികള്‍ക്കായി ബോള്‍ട്ട് രണ്ടും സാന്‍റ്‌നര്‍ ഒരു വിക്കറ്റും വീഴ്‌ത്തി. 

അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഇന്നിംഗ്സാണ് ഇന്ത്യക്ക് നിര്‍ണായകമായത്. റായുഡുവും കാര്‍ത്തിക്കും അനായാസം മത്സരം ഫിനിഷ് ചെയ്തു. 

അതേസമയം, ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കിവീസിന് ഒരിക്കൽക്കൂടി പരമ്പരയിൽ തുടക്കം പിഴയ്ക്കുകയായിരുന്നു. പരമ്പര വിജയം മോഹിച്ച് കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്ന തുടക്കം സമ്മാനിച്ച് കോളിൻ മൺറോയെ മുഹമ്മദ് ഷമി മടക്കി. രോഹിത് ശർമയ്ക്കു ക്യാച്ച് സമ്മാനിച്ച് മൺറോ കൂടാരം കയറുമ്പോൾ കിവീസ് സ്കോർ വെറും 10 റൺസ് മാത്രം.

മികച്ച തുടക്കത്തിനുശേഷം വീണ്ടും മാർട്ടിൻ ഗപ്റ്റിന്‍റെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ രണ്ടിന് 26 റൺസ് എന്ന നിലയിലായിരുന്നു കിവീസ്. 15 പന്തിൽ ഒരു സിക്സും ബൗണ്ടറിയും സഹിതം 13 റൺസെടുത്ത ഗപ്റ്റിലിനെ ഭുവനേശ്വർ കുമാറിന്‍റെ പന്തിൽ ദിനേഷ് കാർത്തിക് ക്യാച്ചെടുത്തു പുറത്താക്കി. പിടിച്ചുനിൽക്കാൻ ശ്രമിച്ച കെയ്ൻ വില്യംസൻ മിഡ് വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയുടെ മിന്നൽ ക്യാച്ചിൽ പുറത്ത്. 48 പന്തിൽ നാലു ബൗണ്ടറി സഹിതം 28 റൺസെടുത്താണ് വില്യംസൻ മടങ്ങിയത്.

തുടക്കത്തിൽ 3 വിക്കറ്റിന് 59 റൺസെന്ന നിലയിൽ പതർച്ചയോടെ തുടങ്ങിയ ന്യൂസിലാൻഡിനെ, തുടർന്ന് ക്രീസിലെത്തിയ റോസ് ടെയ്ലറും ലാഥനും ചേർന്ന് കരകയറ്റുയായിരുന്നു. റോസ് ടെയ്‌ലറുടേയും ടോം ലാഥമിന്‍റെയും 119 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ന്യൂസീലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ടെയ്‌ലര്‍ 93 റണ്‍സും ലാഥം 51 റണ്‍സുമെടുത്തു.

നാലാം വിക്കറ്റിൽ 119 റൺസിന്‍റെ കൂട്ടുകെട്ടുയർത്തിയ സഖ്യത്തെ ചഹാൽ പിരിയിക്കുകയായിരുന്നു. ലാഥമിനെ അമ്പാട്ടി റായിഡുവിന്‍റെ കൈകളിലെത്തിച്ച് ചഹാല്‍ പുറത്താക്കിയപ്പോള്‍, സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന റോസ് ടെയ്‌ലറെ വിക്കറ്റിന് പിന്നിൽ ദിനേശ് കാർത്തികിന്‍റെ കൈകളില്‍ എത്തിച്ച് ഷമിയും മടക്കി അയച്ചു.

വാലറ്റത്ത് ഡൗഗ് ബ്രാക്കവെല്ലും (15) ഇഷ് സോധിയും (12) രക്ഷദൗത്യവുമായി ഒന്നിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. അർദ്ധ സെഞ്ച്വറി നേടിയ വെറ്ററൻ താരം റോസ് ടെയ്ലറും (93) വിക്കറ്റ് കീപ്പർ ടോം ലാഥനും (51) ചേർന്നാണ് ആഥിതേയരെ മാന്യമായ സ്കോറിലെത്തിച്ചത്.

ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഭുവനേശ്വർ കുമാർ, യൂസ്‍‍‍‍‍‍‍‍വേന്ദ്ര ചഹാൽ, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ രണ്ടു വീതം വിക്കറുകൾ വീഴ്ത്തി. 

 

Trending News