ലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

  

Last Updated : Nov 27, 2017, 04:01 PM IST
ലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

നാഗ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 239 റണ്‍സിനും ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പയില്‍ മുന്നിലെത്തി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 610 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ രണ്ട് ഇന്നിങ്‌സ് ബാറ്റ് ചെയ്തിട്ടും ലങ്കയ്ക്കായില്ല. ബാറ്റിങ്ങിനിറങ്ങിയ ലങ്ക 166 റണ്‍സിന് ഓള്‍ഔട്ടായി. 

മത്സരം ഒരു ദിവസം ബാക്കി നില്‍ക്കേയാണ് ടെസ്റ്റില്‍ ഇന്ത്യ ആധികാരിക വിജയം നേടിയത്. 61 റണ്‍സ് നേടിയ നായകന്‍ ദിനേശ് ചാണ്ഡിമല്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതിയത്. 31 റണ്‍സോടെ സുരങ്ക ലക്മല്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ആര്‍.അശ്വിന്‍ നാലും ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വീതം വിക്കറ്റുകളും നേടി. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് എന്ന റിക്കോര്‍ഡും അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചു. ജയത്തോടെ ഏറ്റവും വലിയ ടെസ്റ്റ് ജയത്തിന് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരെ മിര്‍പൂരില്‍ 2007-ല്‍ ഇതേ മാര്‍ജിനില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്.

21/1 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ലങ്കയ്ക്ക് ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ ഏഴ് വിക്കറ്റുകള്‍ കൂടി നഷ്ടമായി. എട്ട് വിക്കറ്റ് വീണതോടെ ഉച്ചഭക്ഷണം 15 മിനിറ്റ് കൂടി നീട്ടിവച്ചെങ്കിലും ലക്മലും ചാണ്ഡിമലും പിടിച്ചു നിന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിന് പിന്നാലെ ലങ്ക ഓള്‍ ഔട്ടാവുകയും ചെയ്തു. നാലാം ദിനം പവലിയനിലേക്ക് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. തിരിമാനെ (23), ആഞ്ചലോ മാത്യൂസ് (10), ഡിക് വെല്ല (4), കരുണരത്‌നെ (18) എന്നിവരെല്ലാം പരാജയമായി.  മിന്നുന്ന ഫോം കാഴ്ചവെച്ച ക്യാപ്ടന്‍ വിരാട് കൊഹ്‌ലിയുടെ ഡബിള്‍ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഒന്നാമിന്നിങ്‌സ് 6 വിക്കറ്റ് നഷ്ടത്തില്‍ 610 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തത്.  267 പന്തില്‍ നിന്നാണ് കൊഹ്‌ലി 213 റണ്‍സെടുത്തത്.  മത്സരത്തില്‍ രോഹിത് ശര്‍മ്മയും മുരളി വിജയും, ചേതേശ്വര്‍ പൂജാരിയും സെഞ്ച്വറി നേടി.

 

More Stories

Trending News