ടി-20: ടോസ് നേടി ഇന്ത്യ ബൗളിംഗിന്; ഇത്തവണയും സഞ്ജുവില്ല!!

മഹ ചുഴലിക്കാറ്റിന്‍റെ ഭീഷണിയിലാണ് മത്സര൦ നടക്കുന്നത്. മഹ ആഞ്ഞടിച്ചാല്‍ മത്സരം ഉപേക്ഷിക്കേണ്ടിവരും. 

Sneha Aniyan | Updated: Nov 7, 2019, 07:19 PM IST
 ടി-20: ടോസ് നേടി ഇന്ത്യ ബൗളിംഗിന്; ഇത്തവണയും സഞ്ജുവില്ല!!

ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. 

മഹ ചുഴലിക്കാറ്റിന്‍റെ ഭീഷണിയിലാണ് മത്സര൦ നടക്കുന്നത്. മഹ ആഞ്ഞടിച്ചാല്‍ മത്സരം ഉപേക്ഷിക്കേണ്ടിവരും. 

മത്സരം ഉപേക്ഷിച്ചാല്‍ ആദ്യകളിയില്‍ തോറ്റ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവും. ഇന്ന് രാത്രി ഏഴു മണിയ്ക്ക് സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയാത്തിലാണ് മത്സരം. 

അതേസമയം, കേരളാ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി രണ്ടാം മത്സരത്തിലും സഞ്ജുവില്ല. സഞ്ജുവിന്‍റെ ഏറ്റവും പുതിയ ട്വീറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ആരാധകര്‍ക്ക് നിരാശയാണ് ഫലം. 

പരിശീലനത്തിനിടയിലുള്ള ചിത്രത്തോടൊപ്പമാണ് സഞ്ജു ട്വീറ്റ് പങ്കുവച്ചിരുന്നത്. 
'ഇന്ന് മത്സരദിവസം. മുന്നോട്ടു പോകാം, കൂടുതല്‍ ശക്തിയോടെ.' -ചിത്രത്തിനൊപ്പം സഞ്ജു കുറിച്ചു

കൂടാതെ, ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തി സഞ്ജുവിനെ ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്കെ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

പരിചയസമ്പന്നനായ കെ.എല്‍ രാഹുല്‍ മൂന്നാമനായി ഇറങ്ങിയതിനാല്‍ ആദ്യ മത്സരത്തിലും സഞ്ജുവിനു അവസരം നഷ്ടമായിരുന്നു. 

നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ടീമില്‍ വീണ്ടും ഇടംപിടിച്ച സഞ്ജുവിന്‍റെ പ്രകടനത്തിനായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്‍റി 20 മത്സരം കളിച്ചത്. ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരേ ഒരൊറ്റ മത്സരമാണ് സഞ്ജു കളിച്ചത്.

വിരാട് കൊഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ രോഹിത്ത് നയിക്കുമ്പോള്‍ 
ഷാക്കിബ് അല്‍ ഹസന്‍റെ അഭാവത്തില്‍ ബംഗ്ലാദേശിനെ മഹ്മദുള്ള നയിക്കും. 

ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമാണ് ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍മാര്‍. 

ട്വന്‍റി 20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ തക്കര്‍.