INDvsSA: ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത് പിങ്ക് ജേഴ്‌സിയണിഞ്ഞ്

  

Last Updated : Feb 10, 2018, 03:11 PM IST
INDvsSA: ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത് പിങ്ക് ജേഴ്‌സിയണിഞ്ഞ്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ഏകദിനം ഇന്ന് ജോഹാനസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സില്‍ നടക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ആതിഥേയര്‍ പിങ്ക് നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞാകും ഇന്നത്തെ മത്സരത്തിനിറങ്ങുക.

സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണമാണ് പിങ്ക് ജേഴ്‌സി ഏകദിനത്തിലൂടെ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ഈ മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം അര്‍ബുദബാധിതരായ രോഗികള്‍ക്ക് നല്‍കും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെ പിങ്ക് ജേഴ്‌സി ഏകദിനമാണിത്.

പിങ്ക് ജേഴ്‌സിയില്‍ മുന്‍പ് കളിച്ച ആറ് മത്സരങ്ങളും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. 2013 ല്‍ ഇന്ത്യയുമായി പിങ്ക് ജേഴ്‌സി ഏകദിനം കളിച്ച അവര്‍ 141 റണ്‍സിനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 2015 ലെ പിങ്ക് ജേഴ്‌സി ഏകദിനത്തിലായിരുന്നു ഡിവില്ലിയേഴ്‌സിന്‍റെ ഏറ്റവും വേഗതയേറിയ ഏകദിന സെഞ്ചുറി പിറന്നത്. വെസ്റ്റിന്‍ഡീസിനെതിരെ 44 പന്തില്‍ 149 റണ്‍സാണ് അന്ന് ഡിവില്ലിയേഴ്‌സ് അടിച്ച് കൂട്ടിയത്.

ഒരിക്കല്‍ക്കൂടി പിങ്ക് ജേഴ്‌സിയില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ മുന്‍കാല ചരിത്രം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാണ്. പരിക്കില്‍ നിന്ന് മോചിതനായി ഡിവില്ലിയേഴ്‌സ് ടീമിലേക്ക് തിരിച്ച് വരുന്നതും ആതിഥേയരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതേസമയം ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് അത് ചരിത്രനേട്ടമായിരിക്കും.ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

Trending News