ഐപിഎല്‍ 2019‍: ഇന്ന് ഡല്‍ഹി ചെന്നൈ പോരാട്ടം

യുവത്വത്തിന്റെ പ്രസരിപ്പുമായിട്ടാണ് ഡല്‍ഹി വരുന്നതെങ്കില്‍ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്.  

Last Updated : Mar 26, 2019, 03:46 PM IST
ഐപിഎല്‍ 2019‍: ഇന്ന് ഡല്‍ഹി ചെന്നൈ പോരാട്ടം

ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. രാത്രി എട്ടിന് ഡല്‍ഹി ഫിറോസ്‌ ഷാ കോട്‌ലയിലാണ് മത്സരം. 

മുംബൈയ്ക്ക് എതിരെ നേടിയ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് ഹോം ഗ്രൗണ്ടിൽ ചെന്നൈയ്ക്ക് എതിരെ ഡൽഹി ഇറങ്ങുന്നത്. ഋഷഭ് പന്ത് മിന്നുന്ന പ്രകടനം തുടരുമെന്നാണ് ആതിഥേയരുടെ പ്രതീക്ഷ. യുവത്വത്തിന്റെ പ്രസരിപ്പുമായിട്ടാണ് ഡല്‍ഹി വരുന്നതെങ്കില്‍ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. 

ബാംഗ്ലൂരിനെ 70 റൺസിന് എറിഞ്ഞിട്ട സ്പിൻ നിരയാണ് ചെന്നൈയുടെ തുറുപ്പ് ചീട്ട്. ബാറ്റിംഗ് നിരയും മികച്ച ഫോമിലേക്ക് ഉയർന്നാൽ ധോണിയ്ക്കും സംഘത്തിനും രണ്ടാം ജയം സ്വന്തമാക്കാം. കോട്‌ലയിലെ വേഗം കുറഞ്ഞ പിച്ചില്‍ ബൗളര്‍മാരുടെ മികവാകും നിര്‍ണായകമാകുക.

അതേസമയം, ഈ മത്സരത്തെ ജൂനിയേഴ്സും സീനിയേഴ്സും തമ്മിലുള്ള മത്സരമെന്ന് വിശേഷിപ്പിക്കാം. കഴിഞ്ഞ കളിയിൽ ചെന്നൈ നിരയിൽ കളിച്ച രണ്ട് പേരൊഴികെ ബാക്കി എല്ലാവരും 30 വയസിന് മുകളിലുള്ളവരാണ്. എന്നാൽ നായകൻ ശ്രേയസ് അയ്യരടക്കം ഒരുപിടി യുവതാരങ്ങളടങ്ങുന്ന നിരയാണ് ഡൽഹിയുടേത്.

Trending News