കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയം. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 175 റൺസിൻ്റെ വിജയലക്ഷ്യം ആർസിബി 16.2 ഓവറിൽ മറികടന്നു. ഓപ്പണർമാരായ വിരാട് കോഹ്ലിയുടെയും ഫിലിപ്പ് സോൾട്ടിൻ്റെയും മിന്നുന്ന പ്രകടനമാണ് ബെംഗളൂരുവിന് ഈ സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. വിരാട് കോഹ്ലി 59 റൺസും സോൾട്ട് 56 റൺസും നേടി. നായകൻ രജത് പട്ടീദാർ 34 റൺസെടുത്തു.
ആദ്യ ഓവർ മുതൽ തകർത്തടിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നിങ്സ് ആരംഭിച്ചത്. പവർപ്ലേ ഓവറുകളിൽ 80 റൺസാണ് വിരാട് കോഹ്ലിയും ഫിലിപ്പ് സോൾട്ടും ചേർന്ന് നേടിയത്. 25 പന്തിൽ നിന്നാണ് സോൾട്ട് അർധ സെഞ്ച്വറി നേടിയത്. വരുൺ ചക്രവർത്തി എറിഞ്ഞ ഒമ്പതാം ഓവറിൽ സ്കോർ 95ൽ നിൽക്കുമ്പോൾ സ്പെൻസർ ജോൺസണ് ക്യാച്ച് നൽകിയാണ് സോൾട്ട് പുറത്തായത്. 31 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 56 റൺസാണ് സോൾട്ട് നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കൽ 10 റൺസ് മാത്രമെടുത്ത് പുറത്തായി. സുനിൽ നരെയ്നായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ നായകൻ രജത് പട്ടീദാർ വിരാട് കോഹ്ലിയോടൊപ്പം ചേർന്ന് ജയത്തിനടുത്തെത്തിച്ചു. 16ാം ഓവറിൽ വൈഭവ് അറോറയുടെ പന്തിൽ രജത് പുറത്തായി. 16 പന്തിൽ 34 റൺസാണ് രജത് നേടിയത്. പിന്നീട് ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റണിനോടൊപ്പം (15) ചേർന്ന് വിരാട് കോഹ്ലി ബെംഗളൂരുവിനെ അനായാസമായി ജയത്തിലേക്ക് നയിച്ചു. 30 പന്തിൽ നിന്ന് അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി 59 റൺസുമായി പുറത്താവാതെ നിന്നു. നാല് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയത്. ആദ്യ പത്ത് ഓവറിൽ 107 റൺസെടുത്ത നൈറ്റ് റൈഡേഴ്സിന് അടുത്ത പത്ത് ഓവറിൽ 67 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാനായത്. 56 റൺസെടുത്ത നായകൻ അജിങ്ക്യ രഹാനെയും 44 റൺസെടുത്ത സുനിൽ നരെയ്നും ചേർന്ന് നടത്തിയ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. അവസാന ഓവറുകളിൽ 30 റൺസെടുത്ത അങ്ക്കൃഷ് രഘുവംശി ടീം സ്കോർ 170 കടത്തി. വെങ്കിടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രേ റസ്സൽ എന്നിവർ അടങ്ങിയ കൊൽക്കത്തയുടെ മധ്യനിര തകർന്നടിയുന്നതാണ് ഈഡൻ ഗാർഡൻസിൽ കണ്ടത്. ബെംഗളൂരുവിന് വേണ്ടി ക്രുനാൽ പാണ്ഡ്യ 4 ഓവറിൽ 29 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ് രണ്ടും റാഷിക് സലാം, സുയാഷ് ശർമ്മ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മാർച്ച് 26ാം തീയതി രാജസ്ഥാൻ റോയൽസിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ അടുത്ത മത്സരം. അതേസമയം 28ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ എതിരാളികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.