ഛണ്ഡിഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് ത്രില്ലിംഗ് ജയം. ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ 16 റൺസിൻ്റെ തകർപ്പൻ ജയമാണ് പഞ്ചാബ് കിങ്സ് നേടിയത്. പഞ്ചാബ് ഉയർത്തിയ 112 റൺസിൻ്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 95 റൺസിന് പുറത്തായി. സീസണിലെ പഞ്ചാബിൻ്റെ നാലാമത്തെ ജയമാണിത്. കൊൽക്കത്ത ബാറ്റ്സ്മാൻമാരെ സ്പിൻ കുരുക്കിൽ വീഴ്ത്തിയ യൂസ്വേന്ദ്ര ചഹാലാണ് കളിയിലെ താരം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിംഗും പ്രിയാൻഷ് ആര്യയും നൽകിയത്. എന്നാൽ 22 റൺസെടുത്ത പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് വീണത് മുതൽ പഞ്ചാബ് ബാറ്റിങ് നിര തകർന്നടിയുന്നതാണ് ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്. 30 റൺസെടുത്ത പ്രഭ്സിമ്രാൻ സിംഗായിരുന്നു പഞ്ചാബിൻ്റെ ടോപ് സ്കോറർ. നായകൻ ശ്രേയസ് അയ്യർ സംപൂജ്യനായി മടങ്ങി. പിന്നീട് ക്രീസിലെത്തിയവരിൽ നെഹാൽ വദേര(10), ശശാങ്ക് സിംഗ് (18), സേവ്യർ ബാർലെറ്റ് (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. കൊൽക്കത്തയ്ക്ക് വേണ്ടി ഹർഷിത് റാണ മൂന്നും, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
Also Read: Suicide Death: കരുനാഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യാശ്രമം; അമ്മയ്ക്ക് പിന്നാലെ മക്കളും മരിച്ചു
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത തകർച്ചയോടെയാണ് തുടങ്ങിയത്. മികച്ച ഓപ്പണർമാരായ ക്വിൻ്റൻ ഡികോക്ക് (2), സുനിൽ നരെയ്ൻ (5) എന്നിവരെ ആദ്യ രണ്ട് ഓവറുകളിൽ തന്നെ കൊൽക്കത്തയ്ക്ക് നഷ്ടമായി. ഡികോക്കിനെ സേവ്യർ ബാർലെറ്റും നരെയ്നെ ജാൻസനും പുറത്താക്കി. മൂന്നാം വിക്കറ്റിൽ നായകൻ രഹാനെയും അങ്ക്കൃഷ് രഘുവംശിയും ചേർന്ന് കൊൽക്കത്തയുടെ രക്ഷാപ്രവർത്തനം ഏറ്റെടുത്തെങ്കിലും എട്ടാം ഓവറിൽ രഹാനയെ ചഹാൽ വിക്കറ്റിന് മുന്നിൽ കുടുക്കി ആ കൂട്ടുകെട്ട് പൊളിച്ചു. വൈകാതെ തന്നെ 37 റൺസെടുത്ത അങ്ക്കൃഷ് രഘുവംശിയെയും ചഹാൽ പുറത്താക്കി. പിന്നീട് കൊൽക്കത്തയുടെ ബാറ്റിങ് നിര തകർന്നടിയുന്നതിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. വെങ്കിടേഷ് അയ്യർ (7), റിങ്കു സിംഗ് (രണ്ട്), രമൻദീപ് സിംഗ് (പൂജ്യം) എന്നിവർ രണ്ട് റൺസിനിടെ കൂടാരം കയറി. വൈഭവ് അറോറയും (0) കൂടി മടങ്ങിയതോടെ കൊൽക്കത്ത ഒമ്പതിന് 95 എന്ന നിലയിലായി. ക്രീസിലുണ്ടായിരുന്ന ആന്ദ്രേ റസ്സലിലായിരുന്നു കൊൽക്കത്തയുടെ വിജയപ്രതീക്ഷ. എന്നാൽ 16ാം ഓവറിൻ്റെ ആദ്യത്തെ പന്തിൽ തന്നെ ജാൻസൻ റസ്സലിനെ (17) പുറത്താക്കി പഞ്ചാബിൻ്റെ തകർപ്പൻ ജയം സമ്മാനിച്ചു.
ഈ ജയത്തോടെ എട്ട് പോയിൻ്റുമായി പഞ്ചാബ് കിങ്സ് ആദ്യ നാലിൽ തിരിച്ചെത്തി. ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിൻ്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആറാം സ്ഥാനത്ത് തുടരുന്നു. ഏപ്രിൽ 21ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസാണ് കൊൽക്കത്തയുടെ എതിരാളികൾ. ഏപ്രിൽ 18ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് പഞ്ചാബ് കിങ്സിൻ്റെ അടുത്ത പോരാട്ടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









